വാഷിംഗ്ടൺ: ഇസ്രയേലിന്റെ ദോഹ ആക്രമണത്തിൽ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസിൽ നിന്നും നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുൻപാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോൺ കോൾ ലഭിച്ചത്. പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വൈറ്റ്ഹൗസിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുക. അതേസമയം, ഇത് അല്പം വൈകിയേക്കുമെന്നും സൂചനകളുണ്ട്.
അതേസമയം സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. ഖത്തറിലുള്ള ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വെളിപ്പെടുത്തൽ.
ഇതിനിടെ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റുമായി ഖത്തർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് അവരെ ശിക്ഷിക്കണമെന്നുമായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ ആവശ്യം.