ജെറുസലേം: ഏതു കുതന്ത്രമുപയോഗിച്ചും ഗാസ സിറ്റി പിടിച്ചെടുക്കാനുളള തയാറെടുപ്പിൽ ഇസ്രയേൽ. ഇതിന്റെ ഭാഗമായി കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം ജീവൻ നഷ്ടപ്പെട്ടത് 22 കുട്ടികളടക്കം 62 പേരുടെയെന്ന് റിപ്പോർട്ട്. കൂടാതെ ഒരുലക്ഷത്തോളം പേർ ഇന്നലെ ഗാസയിൽ നിന്ന് പലായനം ചെയ്തു. അന്താരാഷ്ട്ര സമ്മർദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തുന്നത്. പ്രദേശത്ത് ഇന്റർനെറ്റ് സേവനവും ഏറെക്കുറെ പൂർണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു.
ഇതിനിടെ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യാനായി ഇസ്രയേൽ അനുവദിച്ചു കൊടുത്ത പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസ സിറ്റിയെ കൂടാതെ ദൈറുൽ ബലാ നഗരത്തിലേക്കും ഇസ്രയേൽ സൈന്യമെത്തി. അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനമുണ്ടാകുമ്പോഴും ഹമാസിനെ പൂർണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭ്യർത്ഥിച്ചിരുന്നു. ചൈനയും ജർമനിയും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തി.
അതേസമയം ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്‌ക്കെതിരായ തെളിവാണെന്നും യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ പറയുന്നു.
‘2023-ൽ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേൽപ്പിക്കുക, ജനനം തടയുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഗാസയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്’എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം കമ്മീഷനിലെ മൂന്നുപേർ ഹമാസ് അനുകൂലികൾ ആണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.