സന: ഇസ്രയേലിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യമൻ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് നഗരം മുഴുവൻ പുകപടലങ്ങളാണെന്ന് അൽ മാസിറ ടിവി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ഇസ്രയേൽ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 12ഓളം യുദ്ധവിമാനങ്ങളും എയർ സപ്പോർട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ആക്രമണത്തിൽ ഹൂതി ജനറൽ സ്റ്റാഫിന്റെ കമാൻഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഡസൻ കണക്കിന് ഹൂതി തീവ്രവാദ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്‌സ് അവകാശപ്പെട്ടു. എന്നാൽ അത്രയൊന്നുമില്ലെന്നു രണ്ട് പേർ കൊല്ലപ്പെട്ടെന്നും 48 പേർക്ക് പരുക്കേറ്റെന്നും ഹൂതികൾ വ്യക്തമാക്കി.
അതേസമയം ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി നടത്തിയ പ്രസംഗത്തിനിടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ‘ഗാസയിലെ ഇസ്രയേൽ ആക്രമണം രണ്ടാം വർഷമാകുമ്പോൾ ക്രൂരമായ ആക്രമണവും വംശഹത്യയുമാണ് നടത്തുന്നത്. വെടിനിർത്തലിനും ഇസ്രയേൽ നിയന്ത്രണങ്ങൾ നീക്കുന്നതിനും വേണ്ടിയുള്ള പ്രമേയം സുരക്ഷാ സമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്’… എന്ന പ്രസംഗത്തിനിടെയായിരുന്നു ആക്രമണം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇസ്രയേലിലെ തെക്കൻ നഗരമായ എയ്ലത്തിൽ ഹൂതി ആക്രമണം നടത്തിയത്. 22 പേർക്ക് പരുക്കേറ്റു. ഇസ്രയേൽ നഗരങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്നു പ്രതികരിച്ചിരുന്നു. അതുപോലെ വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികൾ ആലോചിക്കാൻ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് സനയിൽ ആക്രമണം നടത്തിയത്.