ടെഹ്റാൻ: ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തമ്മിലടിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാൻ അവകാശപ്പെട്ടു. പലതലങ്ങളിലുള്ള ആകാശക്കാവൽ മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഹൈഫയും ടെൽ അവീവും ഉൾപ്പെടെ ഇസ്രയേലിലെ നിർണായക സ്ഥാനങ്ങളിൽ എത്തിയത് ഈ പുത്തൻ തന്ത്രത്തിലൂടെയാണെന്നാണ് അവകാശവാദം. അയേൺ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ ഇസ്രയേലിന്റെതന്നെ നെവാതിം വ്യോമതാവളത്തിൽ പതിക്കുന്നതായി അവകാശപ്പെടുന്ന വിഡിയോ തുർക്കിയിലെ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയുണ്ടായിട്ടും ആക്രമണം തടുക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്ഡ് കോർ ചൂണ്ടിക്കാട്ടി. ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം തൊടുത്ത മിസൈലും ഇസ്രയേൽ പ്രതിരോധം മറികടന്നതായി റിപ്പോർട്ടുണ്ട്. ഇറാന്റെ അവകാശവാദത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
IRGC: New methods were used in attack, causing Israeli systems to target each other pic.twitter.com/jcXw7SR1rf
— Iran Military (@IranMilitary__) June 16, 2025
അതേസമയം ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ‘‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം’’ – ട്രംപ് പറഞ്ഞു.
ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈകുന്നതിനു മുൻപ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി 7 പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.