ടെഹ്റാൻ: 2026-ലെ ഇറാൻ വിരുദ്ധ സർക്കാർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ‘Save Erfan Soltani’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയുന്നു. 26 കാരനായ ഇർഫാൻ സോൾത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്.
രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് സോൾത്താനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം” എന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ വധശിക്ഷക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നത്.
സാധാരണ ജനങ്ങൾക്കൊപ്പം പ്രശസ്തരും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ ‘Save Erfan Soltani’ ഹാഷ്‌ടാഗോടുകൂടിയ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഇറാനിൽ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയവയെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. നിലവിലെ ഭരണകൂടം രാജിവെക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. എന്നാൽ ഭരണകൂടം പ്രതിഷേധങ്ങളെ “ദൈവത്തിനെതിരായ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 2,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 10,000-ത്തിലധികം പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
കുടുംബം ആശങ്കയിൽ
ഹെംഗാവ് മനുഷ്യാവകാശ സംഘടനയിലെ അംഗമായ അരീന മൊറാദിയോട് സോൾത്താനിയുടെ കുടുംബം വെളിപ്പെടുത്തിയത്, അറസ്റ്റിന് ശേഷം ദിവസങ്ങളോളം മകനെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ്. നാല് ദിവസങ്ങൾക്ക് ശേഷമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. എർഫാൻ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും, “ഇറാനിലെ നിലവിലെ സാഹചര്യത്തിനെതിരെ പ്രതിഷേധിച്ച യുവതലമുറയിലെ ഒരാൾ മാത്രമാണ്” എന്നും കുടുംബം വ്യക്തമാക്കി. നിയമസഹായം ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്നും, കസ്റ്റഡിയിൽ പീഡനത്തിനിരയായേക്കാമെന്ന ആശങ്കയും മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നു. വധശിക്ഷയ്ക്ക് മുമ്പ് കുടുംബത്തെ കാണാൻ 10 മിനിറ്റ് മാത്രം അനുവദിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇതിനിടെ, സോൾത്താനിയുടെ വധശിക്ഷ നടപ്പാക്കിയാൽ “വളരെ ശക്തമായ നടപടി” ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി. “പ്രതിഷേധം ഒരു കാര്യം. എന്നാൽ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും, തൂക്കിലേറ്റലിലേക്ക് നീങ്ങുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല,” എന്നാണ് ട്രംപ് പ്രതികരിച്ചത്. അതുപോലെ “ഇറാനിയൻ ജനങ്ങൾക്ക് സഹായം വരികയാണ്” എന്നും സൂചന നൽകിയിട്ടുണ്ട്.
















































