കഴിഞ്ഞ ജൂൺ മാസത്തിൽ മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക ഒരു ആക്രമണം നടത്തിയിരുന്നു. അന്ന് യുഎന്നിൽ കാര്യമായ ചർച്ചകൾ ഒക്കെ നടക്കുകയും അമേരിക്ക ലോക പോലീസ് ചമഞ്ഞ് ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ നടത്തുന്നത് നിർത്തണമെന്ന് പ്രമേയം ഒക്കെ പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വെനിസ്വേലയെ ആക്രമിച്ചിരിക്കുന്നു. വീണ്ടും യുഎൻ സെക്യൂരിറ്റി കൗൺസിൽ ചേർന്നിരിക്കുകയാണ്. ഈ യോഗത്തിൽ ഇറാൻ തങ്ങൾക്കു നേരെ ഉണ്ടായ ആക്രമണത്തെക്കൂടി സൂചിപ്പിച്ച് അമേരിക്കയെ വിമർശിക്കുകയുണ്ടായി.
അതുപോലെ പ്രധാനമായും നാലു കാര്യങ്ങളാണ് ഇറാൻ യുഎന്നിൽ സംസാരിച്ചത്. ഒന്നാമതായി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയ്ക്കെതിരെ നടത്തിയ സൈനിക ആക്രമണത്തെ ഇറാൻ ഏറ്റവും ശക്തമായി അപലപിക്കുന്നു. ഈ നിയമവിരുദ്ധ പ്രവൃത്തി സ്റ്റേറ്റ് ടെററിസമാണ്; യുണൈറ്റഡ് നേഷൻസ് ചാർട്ടറിന്റെ ആർട്ടിക്കിൾ 2(4) ഉം 2(7) ഉം ഉൾപ്പെടെയുള്ള അടിസ്ഥാന തത്ത്വങ്ങളുടെ വ്യക്തമായ ലംഘനമാണ്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പ്രധാന മാനദണ്ഡങ്ങൾക്കെതിരായ കുറ്റകൃത്യവും പൂർണ്ണമായ ആക്രമണവുമാണ്. യുഎന്നിന്റെ ഒരു സ്വതന്ത്ര അംഗരാജ്യത്തിനെതിരായ ഇത്തരം ആക്രമണം പ്രാദേശിക-അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയുയർത്തുന്നു, മുഴുവൻ അന്താരാഷ്ട്ര വ്യവസ്ഥയെയും ബാധിക്കുന്ന വിദൂര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
രണ്ടാമതായി, വെനിസ്വേലയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ഫസ്റ്റ് ലേഡിയെയും യുഎസ് തട്ടിക്കൊണ്ടുപോയത് സാധാരണ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. രാഷ്ട്രത്തലവന്മാർക്കും സർക്കാർത്തലവന്മാർക്കും നൽകിയിരിക്കുന്ന ഇമ്മ്യൂണിറ്റികളുടെ സുരക്ഷയെ ഇത് ലംഘിക്കുന്നു, മാത്രമല്ല രാജ്യങ്ങളുടെ പരമാധികാര സമത്വത്തിന് നേരെയുള്ള കടുത്ത ആക്രമണമാണ്. ഇറാൻ വെനിസ്വേലയുടെ സ്വയം പ്രതിരോധ അവകാശം ഓർമിപ്പിക്കുകയും യുഎന്നിനും പ്രത്യേകിച്ച് സെക്യൂരിറ്റി കൗൺസിലിനും ഈ നിയമവിരുദ്ധ ആക്രമണം അവസാനിപ്പിക്കാനും ഉത്തരവാദികളെ കുറ്റവിചാരണ ചെയ്യാനും ഉടൻ നടപടി സ്വീകരിക്കാനുള്ള ബാധ്യത ഊന്നിപ്പറയുകയും ചെയ്യുന്നു. വെനിസ്വേലയുടെ ജനങ്ങളെയും നിയമാനുസൃത സർക്കാരിനെയും ഇറാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു.
മൂന്നാമതായി, യുഎസ് പരസ്യമായി തന്നെ അന്താരാഷ്ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും പകരം സ്വന്തം ആഭ്യന്തര നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇത് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും എല്ലാ അംഗരാജ്യങ്ങൾക്കും ഗുരുതര മുന്നറിയിപ്പാണ്. ചാർട്ടർ അധിഷ്ഠിതമായ അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ അടിത്തറയെത്തന്നെ ഇത് ഇളക്കുന്നു, അപകടകരമായ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുന്നു – ഇത് നിസ്സംശയം നിരസിക്കപ്പെടേണ്ടതാണ്. “ബലപ്രയോഗത്തിലൂടെ സമാധാനം സ്ഥാപിക്കുക” എന്ന അമേരിക്കൻ നയം നിയമവാഴ്ചയുടെ ഭരണത്തിന് പകരം ബലത്തിന്റെ നിയമവും “കാട്ടുനീതിയുടെ നിയമവും” പ്രോത്സാഹിപ്പിക്കുന്നു. ഇത് അനുവദിച്ചു കൊടുത്താൽ ചാർട്ടർ സ്ഥാപിച്ച കൂട്ടായ സുരക്ഷാ സംവിധാനം നിഷ്ക്രിയമാകും.
നാലാമതായി, യുഎസിന്റെ വ്യക്തമായ ഭീഷണികളുടെയും ആക്രമണങ്ങളുടെയും മുന്നിൽ സെക്യൂരിറ്റി കൗൺസിലിന്റെ തുടർച്ചയായ നിഷ്ക്രിയത അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില പോലും നൽകാത്ത അമേരിക്കപോലുള്ള രാജ്യങ്ങളെ കയറൂരിവിടുന്നതിനും കാരണമായിട്ടുണ്ട്. ഇത് യുഎസിനെയും അവരുടെ പിന്തുണക്കാരെയും കൂടുതൽ നിയമവിരുദ്ധ പ്രവൃത്തികളിലേക്ക് പ്രോത്സാഹിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ച് ഇറാനെതിരെ ബലപ്രയോഗ ഭീഷണി ആവർത്തിച്ചു നടത്തിയിരിക്കുകയാണ്. അതേസമയം ഇറാനിയൻ ജനങ്ങൾക്ക് വേണ്ടി “മുതല കണ്ണീർ” ചൊരിയുകയും അവരെ പിന്തുണയ്ക്കുന്നുവെന്ന് കപടമായി അവകാശപ്പെടുകയും ചെയ്യുന്നു. ഇറാനെതിരായ ഇടപെടലുകളുടെയും ബലപ്രയോഗത്തിന്റെയും ഏകപക്ഷീയ ഉപരോധങ്ങളുടെയും നീണ്ട ചരിത്രം നിലനിർത്തിക്കൊണ്ടുതന്നെ. വെനിസ്വേലയിലും നടത്തുന്നത് ഇത് തന്നെയാണ്. 2025 ജൂൺ 13 മുതൽ 24 വരെ ഇസ്രായേലിനൊപ്പം ഇറാനെതിരെ നടത്തിയ നിയമവിരുദ്ധ സംയുക്ത ആക്രമണത്തിന് യുഎസ് നൽകിയ രാഷ്ട്രീയ-സൈനിക-പ്രവർത്തനപരമായ പിന്തുണയും ഈ സന്ദർഭത്തിൽ ഈ കൗൺസിലിനെ ഓർമിപ്പിക്കുന്നു. അത് സിവിലിയൻമാരുടെ മരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും ഇറാനിയൻ ജനതയുടെ മൗലിക മനുഷ്യാവകാശ ലംഘനങ്ങൾക്കും കാരണമായിട്ടുള്ളതാണ്.
ഇറാൻ തന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ സുരക്ഷ, ജനത എന്നിവയെ ഏതൊരു വിദേശ ഇടപെടലിൽനിന്നും സംരക്ഷിക്കാനുള്ള ഞങ്ങളുടെ അവകാശം വീണ്ടും ഉറപ്പിച്ചു പറയുന്നു. തങ്ങളുടെ നിയമവിരുദ്ധ ഭീകരപ്രവൃത്തികളിൽനിന്നും അമിതമായ എസ്കലേഷനിൽ നിന്നും ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് പൂർണ്ണ ഉത്തരവാദി ആയിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നു.
അവസാനമായി, ഈ യോഗത്തിൽ അമേരിക്കൻ പ്രതിനിധി ഇറാനെക്കുറിച്ച് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും അനാവശ്യ പരാമർശങ്ങളെയും ഞങ്ങൾ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുകയാണ്. യാഥാർഥ്യങ്ങൾ സ്വയം സംസാരിക്കുന്നവയാണ്. അത് അമേരിക്കയുടെ നുണപ്രചരണമല്ല – രാഷ്ട്രീയ പ്രസംഗങ്ങളോ നിർമിത കഥകളോ കൊണ്ട് അവ മറയ്ക്കാനാവില്ല.

















































