ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും പിന്നാലെയുള്ള ഓപ്പറേഷൻ സിന്ദൂറും പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയും അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിൽ, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനം. ഐപിഎൽ ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നതു മുതൽ ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു. ഇതോടെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്. ദമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഐപിഎൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൂടാതെ മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നത്.
അതേസമയം ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ– പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. എന്നാൽ പഞ്ചാബ്, ഡൽഹി ടീമുകൾ നേരത്തേ ധരംശാലയിൽ എത്തിയതിനാലാണ് ഇന്നലത്തെ മത്സരം നടത്താൻ തീരുമാനിച്ചത്.
മാത്രമല്ല കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്ഫോടനത്തെ തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ പാക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. കൂടാതെ സംഘർഷം കനത്തതോടെ വിദേശതാരങ്ങൾ സ്വന്തം നാട്ടിലേക്കു പോകാനും തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ട്.