ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് സൈനികര്‍ ഉള്‍പ്പെടെ ഏഴുപേരെ ഇന്ത്യന്‍ സൈന്യം വെടിവച്ചുവീഴ്ത്തി. ഇക്കഴിഞ്ഞ നാല്- അഞ്ച് തീയതികളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ സൈനികര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുള്ള പ്രചാരണ പരിശീലനമായ ‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം’ ആചരിക്കുന്നതിനിടെയാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ നിയോഗിച്ച പ്രത്യേക യൂണിറ്റുകളായ ബിഎടി ഒരു ഫോര്‍വേഡ് പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട ഏഴ് പേരില്‍ 3 പേര്‍ പാകിസ്ഥാന്‍ സൈനികരാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവര്‍ അല്‍-ബദര്‍ ഗ്രൂപ്പിലെ അംഗങ്ങളാണെന്നാണ് നിഗമനം.
കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ആഴ്ച ആദ്യം പറഞ്ഞതിനുപിന്നാലെയാണ് പുതിയ നീക്കം. ജെയ്ഷെ-ഇ-മുഹമ്മദ് (ജെ.ഇ.എം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) തുടങ്ങിയ ഭീകര സംഘടനകളുടെ കമാന്‍ഡര്‍മാര്‍ പാക് അധീന കശ്മീരില്‍ (പി.ഒ.കെ) സമ്മേളനം നടത്തി രാജ്യത്തിന്റെ കാപട്യം തുറന്നുകാട്ടിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം വന്നത്.