വിശാഖപട്ടണം: ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് പിൻതുടരുന്ന ഇന്ത്യയ്ക്ക് ആദ്യ ബോളിൽ ആദ്യ വിക്കറ്റ് നഷ്ടം. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ ഓപ്പണർ അഭിഷേക് ശർമയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഹെൻഡിയുടെ ബോളിൽ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ഡെവോൺ കോൺവെയുടെ കൈകളിലെത്തുകയായിരുന്നു, കഴിഞ്ഞ കളിയിൽ മലയാളി താരം സഞ്ജുവിന്റെ കുറ്റിയായിരുന്നു ഹെൻട്രി പിഴുതത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാറിനെ ജേക്കബ് ഡഫിയാണ് പുറത്താക്കിയത്. എട്ടുറൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേസമയം ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മുൻ കളിയിൽ മിന്നൽ പ്രകടനം പുറത്തെടുത്ത റിങ്കുവിനെ നാലാമനായി കളത്തിലിറക്കി പുതു പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് നായകനും കോച്ചും.
ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 216 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. നിശ്ചിത 20 ഓവറിൽ ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് കിവീസിന് നേട്ടമായത്. അർധസെഞ്ചുറി തികച്ച ടിം സെയ്ഫേർട്ടാണ് ടോപ് സ്കോറർ. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അടുത്തമാസം ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കേ, അഞ്ചുമത്സരങ്ങളിലും ജയിച്ച് ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും കളത്തിലിറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഡെവോൺ കോൺവേയും ടിം സെയ്‌ഫേർട്ടും വെടിക്കെട്ട് നടത്തിയതോടെ ടീം മൂന്നോവറിൽ 30 റൺസിലെത്തി. നാലാം ഓവറിൽ 15 റൺസും അഞ്ചാം ഓവറിൽ 10 റൺസും ആറാം ഓവറിൽ 16 റൺസും കിവീസ് അടിച്ചെടുത്തു. അതോടെ പവർപ്ലേയിൽ സ്‌കോർ 71 റൺസിലെത്തി. എട്ടാം ഓവറിൽ സെയ്‌ഫേർട്ട് അർധസെഞ്ചുറി തികച്ചു. 25 പന്തിലാണ് ഫിഫ്റ്റി.
അതേസമയം ഒൻപതാം ഓവറിൽ കോൺവേയെ പുറത്താക്കി കുൽദീപ് യാദവ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 23 പന്തിൽ നിന്ന് 44 റൺസെടുത്താണ് താരം മടങ്ങിയത്. വൺഡൗണായി ഇറങ്ങിയ രചിൻ രവീന്ദ്രയെ(2) ബുംറയും കൂടാരം കയറ്റിയതോടെ ടീം 103-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ സെയ്‌ഫേർട്ടും ഗ്ലെൻ ഫിലിപ്‌സുമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. സ്‌കോർ 126 ൽ നിൽക്കേ സെയ്‌ഫേർട്ടും പുറത്തായി. 36 പന്തിൽ നിന്ന് 62 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയതോടെ കിവീസ് പ്രതിരോധത്തിലായി. ഗ്ലെൻ ഫിലിപ്‌സും (24) മാർക് ചാപ്മാനും (9) വേഗം പുറത്തായി. ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ 11 റൺസിൽ റണ്ണൗട്ടായി. അവസാനഓവറുകളിൽ ഡാരിൽ മിച്ചൽ തകർത്തടിച്ചതോടെയാണ് ടീം 200 കടന്നത്. മിച്ചൽ 18 പന്തിൽ നിന്ന് 39 റൺസെടുത്തു. ഒടുവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസിന് ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവും അർഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.
അതേസമയം ഇന്നു ചെറിയ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. ഇഷാൻ കിഷന് പകരം അർഷ്ദീപ് സിങ്ങാണ് കളിക്കുന്നത്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഓരോരോ കളികളിലായി മികവിലേക്കുയർന്നു.










































