ന്യൂഡൽഹി: ഏറ്റവും ലാഭത്തിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. യുഎസ് താരിഫ് വർധനക്കിടയിൽ ദേശീയ താത്പര്യം സംരക്ഷിക്കാൻ നടപടികൾ തുടരുമെന്നും അദ്ദേഹം ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേലുള്ള താരിഫ് വർധിപ്പിച്ച നടപടിയെ അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം എണ്ണ വിപണിയിലും ആഗോള എണ്ണ വിപണിയിലും സ്ഥിരത കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. അതിനാൽ യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാനാവാത്തതുമാണ്. രാജ്യത്തിന്റെ ദേശീയ താൽപ്പര്യം സംരക്ഷിക്കുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിനുള്ള പിഴയായി തീരുവ 50 ശതമാനത്തിലധികം ഉയർത്താനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ദി ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറം 2025ൽ സംസാരിച്ചപ്പോൾ കർഷകരെയും ചെറുകിട ഉൽപ്പാദകരെയും സംരക്ഷിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.
റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. എണ്ണയ്ക്ക് പുറമെ തുണിത്തരങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഓട്ടോമൊബൈൽ സ്പെയർ പാർട്‌സുകൾ, ഇലക്ട്രോണിക്‌സ്, ഐടി അനുബന്ധ ഉൽപ്പന്നങ്ങളുടെ രംഗത്തേക്ക് കൂടി വ്യാപാര ബന്ധം മെച്ചപ്പെടുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.