ഡാവോസ് / ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ ആഗോള സമാധാന വേദിയിൽ ഇന്ത്യ പങ്കെടുത്തില്ല. ഗാസയിൽ സമാധാനം ലക്ഷ്യമിട്ട് ആരംഭിച്ചതെന്നു പറഞ്ഞ ഈ ബോർഡ് പിന്നീട് വ്യാപകവും തുറന്നതും ആഗോള ദൗത്യമായി രൂപാന്തരപ്പെട്ടതോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ശക്തികൾ വിട്ടുനിന്നത്. മാത്രമല്ല ഐക്യരാഷ്ട്രസഭ പോലുള്ള നിലവിലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ ഇത് പിന്നിലാക്കുമോ എന്ന ആശങ്കകളും ശക്തമാകുകയാണ്.
അതേസമയം സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ട്രംപ് ബോർഡ് ഓഫ് പീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. പുതിയ ബോർഡിൽ ട്രംപായിരിക്കും ബോർഡിന്റെ സ്ഥിരം മേധാവി. ഒരു ബില്യൺ ഡോളറാണ് സ്ഥിര അംഗത്വത്തിന് നൽകേണ്ടത്. യുഎസിനെ ഒഴികെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗങ്ങളിൽ ഒരാളും ഇതുവരെ ബോർഡിൽ അംഗമായിട്ടില്ല. ജി7 രാജ്യങ്ങളിൽ നിന്നും യുഎസിനെ ഒഴികെ മറ്റാരുടെയും പങ്കാളിത്തവും ഉണ്ടായില്ല. പാക്കിസ്ഥാൻ ഉൾപ്പെടെ 19 രാജ്യങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിനിധാനം ചെയ്തത്.
ഒപ്പുവെപ്പു ചടങ്ങിന് അധ്യക്ഷനായ ട്രംപ്, “ഒൻപത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു” എന്ന തന്റെ ആവർത്തിച്ച അവകാശവാദം വീണ്ടും ഉയർത്തി. കഴിഞ്ഞ മേയിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷവും ഇതിൽ ഉൾപ്പെടുമെന്നായിരുന്നു ട്രംപിന്റെ പരാമർശം. ചടങ്ങിൽ പങ്കെടുത്ത പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സംഘർഷം തടഞ്ഞതിലൂടെ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചതിന് ട്രംപിനെ പ്രശംസിച്ചുവെന്ന അവകാശവാദവും യുഎസ് പ്രസിഡന്റ് ഉന്നയിച്ചു.
അതേസമയം ബോർഡ് ഓഫ് പീസിൽ ചേരാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയുൾപ്പെടെ ഏകദേശം 60 രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഡാവോസിലെ ചടങ്ങിൽ ഒരു ഇന്ത്യൻ പ്രതിനിധിയും പങ്കെടുത്തില്ല, ബോർഡിൽ ചേരുന്നതിനെക്കുറിച്ച് ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഉയരുന്ന ആശങ്കകൾ
ബോർഡ് ഓഫ് പീസിന്റെ ഔദ്യോഗിക ചാർട്ടറിൽ ഗാസയെക്കുറിച്ചുള്ള പരാമർശങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. പകരം, സംഘർഷ ബാധിത പ്രദേശങ്ങളിൽ സ്ഥിരതയും ദീർഘകാല സമാധാനവും ഉറപ്പാക്കുകയെന്ന വ്യാപക ദൗത്യമാണ് രേഖയിൽ വ്യക്തമാക്കുന്നത്. ഇത് ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സമാധാന സംവിധാനങ്ങളുടെയും പങ്കിനെ വെല്ലുവിളിക്കുമോ എന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്.
കൂടാതെ ഗാസയെ മറികടന്ന് ബോർഡിന്റെ പ്രവർത്തനം വിപുലീകരിക്കാമെന്ന സൂചന ട്രംപ് തന്നെ നൽകി. “ഗാസയിൽ വിജയം കണ്ടാൽ മറ്റു വിഷയങ്ങളിലേക്കും നമുക്ക് നീങ്ങാം. ബോർഡ് പൂർണമായി രൂപം കൊണ്ടാൽ നമുക്ക് വേണമെങ്കിൽ എന്തും ചെയ്യാൻ കഴിയും,” ട്രംപ് പറഞ്ഞു. യുഎൻ ബോർഡിനൊപ്പം പ്രവർത്തിക്കാമെങ്കിലും, ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ താൻ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന യുദ്ധങ്ങളിൽ യുഎന്നിന് പങ്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആശങ്കകൾ
അർജന്റീന, അർമേനിയ, അസർബൈജാൻ, ബൾഗേറിയ, ഹംഗറി, ഇൻഡോണേഷ്യ, കസാക്കിസ്ഥാൻ, കോസോവോ, പാക്കിസ്ഥാൻ, പരാഗ്വേ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ബോർഡ് ആരംഭിക്കുന്ന രേഖകളിൽ ഒപ്പുവച്ചത്. ബഹ്റൈൻ, ജോർദാൻ, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ ആഭ്യന്തര ചർച്ചകളുമായി ബന്ധമുള്ളവർ പറയുന്നതനുസരിച്ച്, ഫ്രാൻസ്, റഷ്യ തുടങ്ങിയ പ്രധാന പങ്കാളികളുടെ നിലപാട് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ട്രംപ് അനിശ്ചിതകാലത്തേക്ക് ബോർഡിന്റെ അധ്യക്ഷനായി തുടരുന്നതും, ഐക്യരാഷ്ട്രസഭാ സംവിധാനത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കകളിൽ ഉൾപ്പെടുന്നു.
ഇതിനു ശക്തി പകരുന്ന തരത്തിൽ ബോർഡിലെ ക്ഷണം നിരസിച്ച ഫ്രാൻസിന് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയിനിനും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.















































