വാഷിങ്ടൺ: അധിക തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതിൽ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള കണക്കുകൾ പുറത്ത്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട ഒക്ടോബർ മാസത്തെ റിപ്പോർട്ട് പ്രകാരം മുൻ മാസങ്ങളെ അപേക്ഷിച്ച് 11% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകളെ ഉദ്ധരിച്ച് CREA പറയുന്നത് ഒക്ടോബറിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ തുടർന്നുവെന്നാണ്. 3.1 ബില്യൺ യൂറോയുടെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഉപരോധം നേരിടുന്ന റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ മുന്നിൽ ക്രൂഡ് ഓയിൽ ആണ്. 81% ആയിരുന്നു ഇറക്കുമതി. രണ്ടാംസ്ഥാനത്ത് 11% ആയി കൽക്കരിയാണുള്ളത്. എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 7% ആണ്.
അതുപോലെ ഇപ്പോൾ കണക്കുകൾവെച്ച് നോക്കുമ്പോൾ, റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുൻ മാസത്തെ അപേക്ഷിച്ച് 11% വർധനയുണ്ടായി. ഇത് മൊത്തം ഇറക്കുമതിയിലെ 8% വർധനയുമായി ഏറെക്കുറെ യോജിക്കുന്നതാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും സ്വകാര്യ റിഫൈനറികളുടേത് ആയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികൾ ഒക്ടോബറിൽ റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കി.
പുതിയ ചുങ്കത്തിന്റെ പശ്ചാത്തലത്തിൽ, ഇനിയങ്ങോട്ടുള്ള എണ്ണ വാങ്ങൽ കുറയ്ക്കാൻ കമ്പനികൾ പദ്ധതിയിട്ടിരിക്കാം. എന്നാൽ, ഇതിനകം കരാർ ചെയ്ത ചരക്കുകളുടെ വേഗത്തിലുള്ള കയറ്റുമതിയെയാവാം ഈ വർധന സൂചിപ്പിക്കുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സെപ്റ്റംബറിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 77% (2.5 ബില്യൺ യൂറോ) ആയിരുന്നു. കൽക്കരി 13% (452 ദശലക്ഷം യൂറോ), എണ്ണ ഉൽപ്പന്നങ്ങൾ 10% (344 ദശലക്ഷം യൂറോ) എന്നിങ്ങനെയായിരുന്നു മറ്റു കണക്കുകൾ.
അതേസമയം യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിന് വലിയ തോതിൽ പണം നൽകുന്ന റഷ്യൻ എണ്ണക്കമ്പനികളായ ലുക്കോയിൽ, റോസ്‌നെഫ്റ്റ് എന്നിവയ്ക്ക് മേൽ കഴിഞ്ഞ മാസം യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങൾ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി തന്ത്രത്തെ ബാധിച്ചുവെന്ന് വിദഗ്ധർ പറയുന്നു.
രാജ്യത്തിനു വേണ്ട ക്രൂഡ് ഓയിലിൽ ഏകദേശം 90% ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, സമീപഭാവിയിൽ കൂടുതൽ തടസങ്ങൾ നേരിടേണ്ടി വരും. CREAയുടെ വിശകലനം അനുസരിച്ച്, ഒക്ടോബറിൽ റഷ്യയുടെ യുറാൽസ് ക്രൂഡിന്റെ ശരാശരി വില 4% കുറഞ്ഞ് ബാരലിന് 59 ഡോളറായി. ഇത് ബാരലിന് 47.6 ഡോളർ എന്ന പുതിയ വിലപരിധിക്ക് മുകളിലാണ്. യുക്രൈൻ അധിനിവേശത്തിന് ശേഷം 2022 മുതൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമായി റഷ്യ മാറി. പാശ്ചാത്യ ഉപരോധങ്ങളെയും ജി7 വിലപരിധിയെയും മറികടക്കാൻ മോസ്‌കോ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ വിലക്കിഴിവുകൾ നൽകാൻ തുടങ്ങിയതാണ് ഇതിന് കാരണം. റഷ്യയിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതിയിലെ കുറവ് നികത്താൻ ഇന്ത്യൻ റിഫൈനറികൾ മിഡിൽ ഈസ്റ്റ്, ബ്രസീൽ, ലാറ്റിൻ അമേരിക്ക, പശ്ചിമാഫ്രിക്ക, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽനിന്ന് സംഭരണം വർധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

















































