ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിൽനിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ഇതോടെ തീരുവ യുദ്ധത്തിൽ ഇന്ത്യ നയം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം.
എന്നാൽ യുഎസുമായി തത്കാലം പുതിയ ആയുധ ഇടപാടുകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എഫ്-35 വിമാനം വാങ്ങാൻ താത്പര്യപ്പെടുന്നില്ലെന്ന നിലപാട് യുഎസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മറിച്ചു മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ആവശ്യമായ ആയുധങ്ങൾ പരമാവധി തദ്ദേശീയമായി നിർമിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങൾ വികസിപ്പിച്ച് അവ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പദ്ധതികൾക്ക് മാത്രമേ നിലവിൽ പ്രാധാന്യം നൽകുന്നുള്ളു. ഉയർന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീർഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ കേന്ദ്രത്തിന്റെ സമീപനം.
അതേസമയം ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിർന്നിട്ടില്ല. പകരം വിഷയം നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം. ദേശീയ താത്പര്യത്തിൽ വിട്ടുവീഴ്ചക്കില്ല എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ബാധിക്കുന്ന തരത്തിൽ സമ്മർദ്ദത്തിന് വഴങ്ങേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഈ സമയത്താണ് എഫ്-35 ഓഫർ ഇന്ത്യ ഔദ്യോഗികമായി നിരസിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കുറയ്ക്കാൻ അവിടെനിന്ന് പ്രകൃതിവാതകം, ആശയവിനിമയ ഉപകരണങ്ങൾ, സ്വർണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്തേക്കും. എന്നാൽ പുതിയ ആയുധ ഇടപാട് തത്കാലമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതോടൊപ്പം ഉയർന്ന വിലയുണ്ടെങ്കിലും എഫ്-35ന്റെ സമ്പൂർണ നിയന്ത്രണം യുഎസ് ഒരിക്കലും ഇന്ത്യയ്ക്ക് നൽകില്ലതാനും. അതേസമയം, എസ്.യു-57ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മോഹനവാഗ്ദാനങ്ങളാണ് റഷ്യ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാം, ഇന്ത്യൻ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാൻ യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാം, ഇന്ത്യയിൽ അസംബ്ലി ലൈൻ സ്ഥാപിക്കാൻ സഹായം തുടങ്ങിയ വാഗ്ദാനങ്ങൾ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നിർമിച്ചാൽ എസ്.യു-57ഇയുടെ നിർമാണ ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യ വികസിപ്പിച്ച വിരൂപാക്ഷ റഡാർ, അസ്ത്ര മിസൈൽ, രുദ്രം മിസൈൽ എന്നിവ ഇതിൽ ഉപയോഗിക്കാനുമാകും.