കറാച്ചി: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതി രൂക്ഷമായ രീതിയിൽ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ വിജയാഘോഷമായി കറാച്ചിയിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ സംഘടിപ്പിച്ച റാലിയിൽ ഷാഹിദ് അഫ്രീദിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.
കറാച്ചി റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. അതേപോലെ പാക്കിസ്ഥാന്റെ പ്രതിരോധം ഇന്ത്യയ്ക്കു തകർക്കാനാകില്ലെന്ന് അവകാശപ്പെട്ട അഫ്രീദി, പാക്കിസ്ഥാനോടു കളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് മോദി മനസിലാക്കിക്കാണെന്നും പറഞ്ഞു.
‘‘പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകാത്തതാണ്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കുമെന്ന് കരുതരുത്. പുൽവാമയിൽ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ, പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന വാദവുമായി അഫ്രീദിയുടെ രംഗത്തെത്തിയിരുന്നു. ‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാക്കിസ്ഥാനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല’ – സമാ ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി മുൻപു പറഞ്ഞിരുന്നു.
Shahid Afridi leading a so called ‘victory rally’ in Karachi.
– Just like their army, everyone is delusional. pic.twitter.com/OnHRvmbzax
— Mufaddal Vohra (@mufaddal_vohra) May 12, 2025