വാഷിങ്ടൻ: ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായും നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യ റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നിൽക്കണമെന്ന് മോദി മനസിലാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ പ്രസ്താവനയോടെ ഇന്ത്യ– ചൈന– റഷ്യ ബന്ധത്തെ അമേരിക്കയെ അങ്കലാപ്പിലാക്കുന്നെന്ന സംശയം അരക്കെട്ടിട്ട് ഉറപ്പിക്കുകയാണ്.
നേരത്തെ യുക്രെയ്ൻ യുദ്ധത്തെ പീറ്റർ നവാരോ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകനു മേൽ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ ഇന്ത്യ ഈടാക്കുന്നത് ഉയർന്ന തീരുവയാണെന്നും അത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും വിമർശനം ഉയർത്തിയിരുന്നു.
അതേസമയം ഇന്ത്യ– ചൈന– റഷ്യ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകൾ നൽകിയാണ് ഷാങ്‌ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടി സമാപിച്ചത്. യുഎസിന്റെ തീരുവയുദ്ധത്തെ പ്രതിരോധിക്കാൻ ശക്തമായ കൂട്ടായ്മ വേണമെന്ന ആഹ്വാനമാണ് യുഎസിനെ നേരിട്ടു പരാമർശിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയത്. ‘പ്രിയ സുഹൃത്ത്’ എന്നാണു റഷ്യൻ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് പുടിൻ അഭിസംബോധന ചെയ്തത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള യുഎസിന്റെ ഇരട്ടിത്തീരുവ പ്രഖ്യാപനത്തിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യുഎസ് ഭീഷണിക്കിടയിലും വ്യാപാര ഇടപാടുകൾ കൂടുതൽ ഊർജിതമാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ- യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്തെത്തിയിരുന്നു. 21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യ- യുഎസ് ബന്ധമെന്ന് റൂബിയോ പറഞ്ഞത്. മാത്രമല്ല യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവർ തമ്മിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമർശം.