അന്താരാഷ്ട്ര യാത്രകൾ വർധിപ്പിക്കുക, യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ രാജ്യ വ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്പോർട്ടുകൾ അവതരിപ്പിച്ചു. ഇ- പാസ്‌പോർട്ടുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ആന്റിനയും ഉണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ചിപ്പുകൾ പാസ്‌പോർട്ട് ഉടമയുടെ ഡാറ്റ-ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിക്കും. അതുകൊണ്ടുതന്നെ പാസ്‌പോർട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും. മാത്രമല്ല ഇത് കൂടുതൽ സുരക്ഷിതമായ ഓപ്ഷനാണ്. പാസ്‌പോർട്ട് സേവാ പ്രോഗ്രാം പതിപ്പ് 2.0 ടെ ഭാഗമായി ഈ ഇ-പാസ്‌പോർട്ടുകളുടെ പൈലറ്റ് റോൾഔട്ട് 2024 ഏപ്രിൽ 1 ന് ആരംഭിച്ചു.
നിലവിൽ ജർമനി, അമേരിക്ക, യുകെ തുടങ്ങി സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളിലെല്ലാം ബയോമെട്രിക് അധിഷ്ഠിത യാത്രാരേഖകൾ ഉണ്ട്. സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലാണ് നിലവിൽ ഇ- പാസ്‌പോർട്ടുകൾ നൽകുന്നത്. നിലവിൽ ചെന്നൈ, ജയ്പൂർ, ഹൈദരാബാദ്, നാഗ്പൂർ, അമൃത് സർ, ഗോവ, റായ്പൂർ, സൂററ്റ്, റാഞ്ചി, ഭുവനേശ്വർ, ജമ്മു, ഷിംല തുടങ്ങിയ നഗരങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകൾ ഇ- പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്യുന്നു.
പുതിയ പാസ്പോർട്ട് നിയമങ്ങൾ ഇങ്ങനെ- ജനന സർട്ടിഫിക്കറ്റ് നിർബന്ധം
2023 ഒക്ടോബർ ഒന്നിനോ, അതിനുശേഷമോ ജനിച്ച യാത്രക്കാർ അവരുടെ ജനന തീയതിയുടെ ഏക തെളിവായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കണം. 2023 ഒക്ടോബറിനു മുമ്പ് ജനിച്ചവരാണെങ്കിൽ നിങ്ങളുടെ പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സ്‌കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർവീസ് രേഖകൾ തെളിവായി ഉപയോഗിച്ച് പാസ്പോർട്ടിന് അപേക്ഷിക്കാം.
അതേസമയം പുതിയ നിയമങ്ങൾ അനുസരിച്ച് നിങ്ങളുടെ വിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ അച്ചടിക്കില്ല. പകരം നിങ്ങളുടെ വിലാസം ഡിജിറ്റലായി ആക്സസ് ചെയ്യുന്നതിന് ഒരു ബാർകോഡ് സ്‌കാൻ ചെയ്യും. കൂടാതെ ഇനി മുതൽ നിങ്ങളുടെ മാതാപിതാക്കളുടെ പേരുകൾ പാസ്‌പോർട്ടിന്റെ അവസാന പേജിൽ അച്ചടിക്കില്ലയെന്നും പുതിയ നിയമത്തിൽ പറയുന്നു.