ഡാവോസ് (സ്വിറ്റ്സർലൻഡ്): ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകും. ചൊവ്വാഴ്ച സ്വിറ്റ്സർലന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാലിലൊന്ന് വിഹിതം കൈയ്യാളുന്ന ഈ കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 200 കോടി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കൂറ്റൻ വിപണിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആഗോള വിതരണ ശൃംഖലയെ പുനർനിർമ്മിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാനും ശേഷിയുള്ളതാണ് ഈ ചരിത്ര ഉടമ്പടി.
ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും വിശ്വസ്തരായ പങ്കാളികളുമായി സഹകരിക്കാനും ലക്ഷ്യമിടുന്ന യൂറോപ്യൻ യൂണിയനെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന പങ്കാളിയാണ്. ഇന്ത്യയെ സംബന്ധിച്ച് കയറ്റുമതി വർധിപ്പിക്കാനും ഉൽപ്പാദന ശൃംഖലയിൽ മുൻനിരയിലെത്താനും ഈ കരാർ സഹായകമാകും. പ്രത്യേകിച്ച് ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തുന്നത്.
2007-ൽ കാരാറിനെ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതിൽ തടസം നേരിടുകയായിരുന്നു. നിലവിൽ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ വഴി നിർണായക സാങ്കേതികവിദ്യകളിലും വിതരണ ശൃംഖലകളിലും ഇരു വിഭാഗവും സഹകരണം ഉറപ്പാക്കുന്നുണ്ട്. 2023-ൽ ചരക്ക് വ്യാപാരം 124 ബില്യൺ യൂറോയിലും സേവനവ്യാപാരം 60 ബില്യൺ യൂറോയിലും എത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു.
എന്നിരുന്നാലും, കരാർ പൂർത്തിയാക്കാൻ ചില തടസ്സങ്ങൾ ഇനിയും മറികടക്കേണ്ടതുണ്ട്. ഓട്ടോമൊബൈൽ, വൈൻ, സ്പിരിറ്റ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിദഗ്ധ തൊഴിലാളികൾക്ക് വിസ നൽകുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കൂടാതെ പരിസ്ഥിതി മാനദണ്ഡങ്ങൾ, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.
അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കുന്ന ഉർസുല വോൺ ഡെർ ലെയ്ൻ ഈ രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഇടപെട്ടേക്കും. മാസാവസാനം നടക്കുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച സുപ്രധാന പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ ആഗോള വിതരണ ശൃംഖലയിലെ സ്ഥാനം ശക്തമാക്കുകയും ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യും.















































