ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ അങ്കത്തിനു തുടക്കംകുറിച്ച ഇന്ത്യയുടേയും റഷ്യയുടേയും പ്രധാനപ്പെട്ട സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ആവശ്യക്കാർ കൂടുന്നു. മിസൈലുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ 450 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടിയിലധികം രൂപ) പ്രതിരോധ കരാറുകൾക്ക് അന്തിമരൂപം നൽകിയെന്നാണ് റിപ്പോർട്ട്. കരാറുകൾ സമീപഭാവിയിൽ ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷ.
ഇൻഡോനേഷ്യയുമായുള്ള കരാറിനായി റഷ്യയുടെ അനുമതിക്ക് കാത്തിരിക്കുകയാണിപ്പോൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായി. എന്നാൽ, ബ്രഹ്‌മോസ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതായതിനാൽ റഷ്യയുടെകൂടി അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ, ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ സുപ്രധാനമായ ഒരു മുന്നേറ്റമായിരിക്കും.
അതുപോലെ ലോകമെമ്പാടുമുള്ള മറ്റു പല രാജ്യങ്ങൾക്കും ഈ മിസൈലുകളിൽ വലിയ താത്പര്യമുള്ളതിനാൽ ഇനിയും ധാരാളം കരാറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാൻ വ്യോമതാവളങ്ങൾക്കുനേരെ ബ്രഹ്‌മോസായിരുന്നു പ്രയോഗിച്ചത്. പാക് വ്യോമതാവളങ്ങളും തീവ്രവാദ കേന്ദ്രങ്ങളും തകർക്കാനും മിസൈലുകൾക്ക് കൃത്യമായ രീതിയിൽ ആക്രമണങ്ങൾ നടത്താനും കഴിഞ്ഞത് വിദേശ രാജ്യങ്ങളെ ആകർഷിച്ചിട്ടുണ്ട്.
അതേസമയം ബ്രഹ്‌മോസ് ആദ്യമായി യുദ്ധത്തിനായി ഉപയോഗിക്കുന്നത് ഓപ്പറേഷൻ സിന്ദൂറിലാണ്. മിസൈലുകളുടെ പ്രകടത്തിൽ ആകൃഷ്ടരായ രാഷ്ട്രങ്ങളാണ് ഇപ്പോൾ കരാർ താത്പര്യമറിയിച്ചെത്തിയത്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹേ്‌മോസ്, അടുത്തിടെ നടന്ന ദുബായ് എയർഷോയിൽ പ്രദർശിപ്പിച്ചതോടെ ഡിമാൻഡ് വർധിച്ചു.
ബ്രഹ്‌മോസ് എയ്‌റോസ്‌പേയ്‌സ് എന്ന കമ്പനിയാണ് മിസൈൽ നിർമിക്കുന്നത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്‌ട്രോയെനിയെയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിലൊന്നാണ്. കൃത്യത, വൈവിധ്യം, കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട മിസൈൽ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ ഏറെ ആകർഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര നദിയിൽനിന്നും റഷ്യയിലെ മോസ്‌ക്വ നദിയിൽനിന്നും കടംകൊണ്ടതാണ് ബ്രഹ്‌മോസ് എന്ന പേര്.

















































