ന്യൂഡൽഹി: പുതുവർഷത്തിൽ സിന്ധു നദീജല കരാറിൽ നിർണായക നീക്കവുമായി ഇന്ത്യ. പാക്കിസ്ഥാനെതിരെ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രവും സൈന്യവും വ്യക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. ജമ്മു–കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ചെനാബ് നദിയിൽ നിർമിക്കുന്ന 260 മെഗാവാട്ട് ദുൽഹസ്തി സ്റ്റേജ്–II ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ പരിസ്ഥിതി അനുമതി നൽകി. ഇൻഡസ് ജലകരാർ (IWT) അബേയൻസിലാക്കിയതിന് പിന്നാലെ മേഖലയിൽ ഊർജ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്ന സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ ജീവനാഡികളിലൊന്നാണ് ചെനാബ് നദി. സിന്ധു നദീജല കരാർ പ്രകാരമുള്ള ജലവിതരണം ഇന്ത്യ നിർത്തിവച്ചത് കനത്ത ആഘാതമായിരുന്നു. ഇപ്പോൾ, ഇന്ത്യ പുതിയ പദ്ധതികൂടി നടപ്പാക്കുന്നത് പാക്കിസ്ഥാന് ഇരുട്ടടിയാകും. ഇതിന് മുമ്പ് ചെനാബ് നദിയിലേ തന്നെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന 1,856 മെഗാവാട്ട് സവാൽക്കോട്ട് ജലവൈദ്യുത പദ്ധതിക്കും കേന്ദ്രാനുമതി ലഭിച്ചിരുന്നു. രണ്ട് പദ്ധതികളും ചേർന്ന് ജമ്മു–കശ്മീരിലെ ദീർഘകാലമായി പൂർണമായി ഉപയോഗിക്കപ്പെടാത്ത ജലവൈദ്യുത സാധ്യതകൾ വിനിയോഗിക്കാനുള്ള ഇന്ത്യയുടെ പുതുക്കിയ ശ്രമത്തെ സൂചിപ്പിക്കുന്നു.
അതേസമയം പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാരോപിച്ച് പാക്കിസ്ഥാൻ പ്രതിഷേധമുയർത്തി. ഇത് ഇന്ദസ് ജലകരാറിന്റെ ലംഘനമാണെന്ന് പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടി. “ഈ ഏകപക്ഷീയ നടപടി മേഖലാതല സഹകരണത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്തുകയും താഴ്‌വര രാജ്യങ്ങളുടെ ജലസുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നു,- പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ തള്ളി. ‘റൺ-ഓഫ്-ദി-റിവർ’ മാതൃകയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും താഴേക്കുള്ള ജലപ്രവാഹത്തെ ബാധിക്കില്ലെന്നും നിലവിലുള്ള നിയമ- കരാർ ചട്ടങ്ങൾ പൂർണമായി പാലിച്ചുള്ളതാണ് ദുൽഹസ്തി സ്റ്റേജ്–II പദ്ധതിയെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ വിദഗ്‌ധസമിതി യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്. 320 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ദുൽഹസ്തി സ്റ്റേജ്-1 പ്ലാൻറ് 2007 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് അനുബന്ധമായാണ് പുതിയ പദ്ധതി. പുതുതായി അണക്കെട്ട് നിർമിക്കില്ല. പകരം നിലവിലെ പ്ലാൻറിന് സമീപത്ത് നിന്ന് പ്രത്യേക ഭൂഗർഭ പൈപ്പുകളിലൂടെ ജലം കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ഏകദേശം 3,200 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. 60 ഹെക്ടർ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും.
2,400 കോടി രൂപ ചെലവിട്ടാണ് ഇന്ത്യ 2007ൽ ദുൽഹസ്തി സ്റ്റേജ് –1 പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി 70 മീറ്റർ ഉയരത്തിലും 186 മീറ്റർ വീതിയിലുമുള്ള അണക്കെട്ട് ഇന്ത്യ നിർമിച്ചിരുന്നു. ചെനാബ് നദിയിൽ നിന്ന് വഴിതിരിച്ച് വിടുന്ന ജലം 9.5 കിലോമീറ്റർ ദൂരത്തിലുള്ള ഭൂഗർഭ അറയിലൂടെ കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിശേഷം തിരിക നദിയിലേക്ക് തന്നെ ഒഴുക്കുകയാണ് ചെയ്യുന്നത്.
അധികൃതർ പറയുന്നതനുസരിച്ച്, പടിഞ്ഞാറൻ നദികളിൽ നിന്ന് ഏകദേശം 20,000 മെഗാവാട്ട് ജലവൈദ്യുത ശേഷി ഉണ്ടായിട്ടും, ജമ്മു–കശ്മീരിൽ ഇതുവരെ 3,482 മെഗാവാട്ട് മാത്രമാണ് വികസിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ പരിമിതികളും കരാർ ബന്ധപ്പെട്ട നിയന്ത്രണങ്ങളുമാണ് പ്രധാന തടസങ്ങൾ. ഈ അനുമതി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിലാണ്. ആക്രമണത്തിന് ശേഷം ഇൻഡസ്, ജെലം, ചേനാബ് നദികളിൽ ഇന്ത്യ കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്ന നയനടപടികൾ ആരംഭിച്ചിരുന്നു.
അതേസമയം, കടുത്ത രാഷ്ട്രീയ–നയവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും വാർഷികമായി ആണവ സ്ഥാപനങ്ങളുടേയും തടവുകാരുടെയും പട്ടികകൾ കൈമാറി.

















































