ന്യൂഡൽഹി: 2023 ഫെബ്രുവരി, തുർക്കി മറന്നാലും അത് ഇന്ത്യ മറക്കില്ല, അന്നത്തെ ഭൂചലനം നാശം വിതച്ച തുർക്കിയ്ക്ക് ഓപ്പറേഷൻ ദോസ്ത് എന്ന ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് ഒന്നും രണ്ടുമല്ല 100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, എൻഡിആർഎഫ് ടീമുകൾ, സൈനിക മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയാണ്.
എന്നാൽ അതേ തുർക്കിതന്നെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ചു രംഗത്തെത്തി. ആ നന്ദികേട് മറക്കാൻ ഇന്ത്യയ്ക്കാവില്ല. തുർക്കിയിൽ നിന്നുള്ള എല്ലാ വസ്തുക്കളും ബോയ്ക്കോട്ട് ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ബേക്കറി ഉൽപന്നങ്ങളുടെ നിർമാണത്തിനായി തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. ബേക്കറി ഉൽപന്നങ്ങൾക്കായുള്ള ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെൽസ്, ഫ്‌ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.
അതേസമയം ബേക്കറി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളിൽ നല്ലൊരു പങ്കും തുർക്കിയിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, തുർക്കിയിൽ നിന്നുള്ള പഴങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. ആപ്പിൾ ഉൾപ്പെടെ നിരവധി പഴവർഗങ്ങളാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ തുർക്കിയുടെ ആപ്പിൾ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയാണ് വിലമതിക്കുന്നത്. ഇത് വ്യാപാരികൾ ബഹിഷ്കരിച്ചതിനു പിന്നാലെയാണ് ബേക്കറി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളും ബഹിഷ്കരിക്കാൻ തീരുമാനമായത്.