ന്യൂഡൽഹി: ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. മാര്‍ച്ച് 4ന് ചേര്‍ന്ന മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇന്‍സന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കുള്ള ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എന്നാല്‍ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശമാരുടെ ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.