തിരുവനന്തപുരം: എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ ആരാഞ്ഞാണ് നോട്ടീസ് അയച്ചത്. എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
2022ൽ പുറത്തിറങ്ങിയ ഗോൾഡ്, കടുവ, ജനഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഈ ചിത്രങ്ങളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമ്മാതാവ് എന്ന നിലയിൽ നാൽപ്പത് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.നികുതി വെട്ടിപ്പിന്റെ ഭാഗമായാണോ ഇതെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.
താരതമ്യേന സഹനിർമ്മാതാവ് അടയ്ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാൾ കുറവാണ്. 2022ൽ ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് മാർച്ച് 29ന് നോട്ടീസ് അയച്ചതെന്നും, സ്വഭാവിക നടപടിയാണെന്നുമാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 29നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നൽകണം. എമ്പൂരാൻ വിവാദങ്ങൾ കത്തി നിൽക്കെ, ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസ് പ്രതികാര നടപടിയാണെന്നാണ് ഉയരുന്ന ആക്ഷേപം.