ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കൻ പ്രസിഡന്റിന്റെ അവകാശ വാദങ്ങൾ കള്ളമാണെന്നു പറയാൻ മോദിക്കു ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ സൈന്യത്തെ ഉപയോഗിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സർക്കാർ നടത്തിയത്. ആക്രമിക്കുന്ന കാര്യം പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചു. ഒരിക്കൽ ആക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പറഞ്ഞു പാക്കിസ്ഥാനോട് സന്ധി ചെയ്തു. കാരണം, ഈ നടപടിയുടെ ലക്ഷ്യം തന്നെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയായിരുന്നു.
അതുപോലെ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചതായും രാഹുൽ ആരോപിച്ചു. ഇന്ത്യ– പാക്ക് വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഒന്നും രണ്ടുമല്ല 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുൽഗാന്ധി വെല്ലുവിളിച്ചു.
അതേസമയം പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനം നടത്തി. കശ്മീർ തീവ്രവാദ വിമുക്തമാണെന്നാണു സർക്കാർ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. എന്തുകൊണ്ടു പഹൽഗാമിൽ സുരക്ഷ ഒരുക്കിയില്ലെന്നു ചോദിച്ച പ്രിയങ്ക, വീഴ്ച ഉണ്ടായതിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂർ നേരം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും സ്ഥലത്തില്ലായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരവാദിത്തമില്ലേയെന്നും പ്രിയങ്ക ചോദിച്ചു. അമ്മയുടെ കണ്ണുനീർ വീണത് അച്ഛനെ ഭീകരവാദികൾ വധിച്ചപ്പോഴാണ്. ആ തനിക്കു പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന വ്യക്തമായി മനസിലാകുമെന്നും പ്രിയങ്ക പറഞ്ഞു.