ബെംഗളൂരു: ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തി ബാല്യകാല സുഹൃത്ത്. കാമാക്ഷിപാളയത്തിലാണ് മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെ പ്രതിയായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തിയത്. ഇരുവർക്കും 39 വയസ്സാണ് പ്രായം.
റിയൽ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന വിജയ് പത്ത് വർഷം മുൻപാണ് ആശയെ വിവാഹം കഴിച്ചത്. തന്റെ ഭാര്യ ധനഞ്ജയുമായി പ്രണയത്തിലാണെന്ന് വിജയ് അടുത്തിടെ കണ്ടെത്തി. ധനഞ്ജയുടെയും ആശയുടെയും പ്രണയം കണ്ടെത്തിയ വിജയ് ഇരുവരുമൊത്തുള്ള ഫോട്ടോകളും കണ്ടെത്തിയരുന്നു. ധനഞ്ജയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ തന്റെ ദാമ്പത്യ ജീവിതം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, വിജയ് ഭാര്യയോടൊപ്പം കടബഗെരെയ്ക്ക് സമീപമുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിൽ പ്രണയം തുടരുകയായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്ന വിജയ് അതിനുശേഷമാണ് പുറത്തേക്കിറങ്ങിയത്. പിന്നീട് മച്ചോഹള്ളിയിലെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒളിവിൽ പോയ ധനഞ്ജയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.