ബെംഗളൂരു: വീട്ടുജോലിക്കാരിയോട് ഭർത്താവിന് വഴി വിട്ട ബന്ധം. 41കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കുളിപ്പിച്ച് ഭാര്യ. പോസ്റ്റ്മോർട്ടത്തിലെ നിർണായക വിവരമാണ് കൊലപാതകം തെളിയാൻ കാരണമായത്. ബെംഗളൂരുവിലെ എസ് ജി പാല്യയ്ക്ക് സമീപത്തെ ചന്ദ്രദയ കല്യാണ മണ്ഡപത്തിന് സമീപത്തെ വസതിയിലാണ് 41കാരനായ ഭാസ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ ഭർത്താവ് കുളിമുറിയിൽ തെന്നി വീണെന്നും താൻ കുളിപ്പിച്ച് കിടപ്പുമുറിയിൽ എത്തിച്ചെന്നും രാവിലെ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നുവെന്നാണ് ഇയാളുടെ ഭാര്യ 32കാരി ശ്രുതി പൊലീസിനോട് വിശദമാക്കിയത്.
അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് തലയിൽ ഭാരമേറിയ വസ്തു കൊണ്ടുള്ള പ്രഹരമേറ്റാണ് 41കാരൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ഭർത്താവിന് വീട്ടുജോലിക്കാരിയുമായുള്ള അടുപ്പത്തിന്റെ പേരിൽ വീട്ടിൽ സ്ഥിരം കലഹമായിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം മരണം സ്വാഭാവിക മരണമാക്കാൻ ശ്രമിച്ചതായി ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. മാസം 1.15 ലക്ഷം രൂപ വരുമാനമുള്ള ഭാസ്കർ വീട്ടുവാടക ഒഴികെയുള്ള പണം ജോലിക്കാരിക്കായി ചെലവഴിക്കുകയായിരുന്നു പതിവ്.
അടുത്തിടെയായി ഇയാൾ വീട്ടിലേക്ക് വരുന്നതും നിർത്തിയിരുന്നു. ജൂൺ 27 ന് മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി ഭാസ്കറുമായി ശ്രുതി വാക്കേറ്റത്തിലായി. ഇതിനിടയിൽ ശ്രുതി ഭാസ്കറിനെ മരത്തടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായി വ്യക്തമായതോടെ മൃതദേഹം കുളിപ്പിച്ച് കിടക്കയിൽ കൊണ്ട് കിടത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം 12 വർഷം മുൻപാണ് ഭാസ്കർ ശ്രുതിയെ വിവാഹം ചെയ്തത്.