ന്യൂഡൽഹി: നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാൽ, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സെപ്റ്റംബർ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീകോടതി ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചത്.
അതുപോലെ ആധാർ കാർഡ് പൗരത്വത്തിനുള്ള നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. എന്നാൽ ആധാറിൽ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
മറ്റൊരു പ്രധാനപ്പെട്ട ചോദ്യം വോട്ടർപട്ടിക പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്നതാണ്. അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും. പക്ഷെ, അവർക്ക് അതിനുള്ള അധികാരമുണ്ടെങ്കിൽ അതൊരു വിഷയമല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
2003-ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ പോലും ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കിൽ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു. കമ്മീഷന്റെ കണക്കുപ്രകാരം 7.24 കോടിയാളുകളാണ് രേഖകൾ സമർപ്പിച്ചത്. അതിൽ 65 ലക്ഷം പേരെ പട്ടികയിൽനിന്ന് കാര്യമായ പരിശോധനയോ, അന്വേഷണമോ ഇല്ലാതെ ഒഴിവാക്കിയെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
അതേസമയം 65 ലക്ഷം എന്ന കണക്കിൽ എങ്ങനെയാണ് എത്തിയതെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും കോടതി ചോദിച്ചു. ‘നിങ്ങളുടെ ആശങ്ക സാങ്കൽപ്പികമാണോ, അതോ യഥാർത്ഥത്തിലുള്ളതാണോ എന്ന് ഞങ്ങൾക്ക് മനസിലാകണം’ എന്നു പറഞ്ഞ കോടതി, ഫോം സമർപ്പിച്ചവർ ഇതിനകം കരട് പട്ടികയിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
തുടർന്ന്, 2025-ലെ പട്ടികയിൽ 7.9 കോടി വോട്ടർമാരുണ്ടെന്നും ഇതിൽ 4.9 കോടി പേർ 2003-ലെ പട്ടികയിൽ ഉണ്ടായിരുന്നവരാണെന്നും 22 ലക്ഷം പേർ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിബൽ വാദിച്ചു. അതേസമയം, ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മരണം മൂലമോ, താമസം മാറിയതിനാലോ ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതി രേഖകളിലോ വെബ്‌സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചു. ബൂത്ത് തലത്തിലുള്ള ഏജന്റുമാർക്ക് ചില വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു, എന്നാൽ മറ്റാർക്കും അത് നൽകാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് അവർ അവകാശപ്പെടുന്നുവെന്നും ഭൂഷൺ പറഞ്ഞു.
പിന്നാലെ ഒരു വോട്ടർ, ആധാറും റേഷൻ കാർഡും സഹിതം ഫോം സമർപ്പിച്ചാൽ, അതിലെ വിവരങ്ങൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. രേഖകൾ ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കാൻ അർഹതയുള്ളവരെ ആ വിവരം യഥാർത്ഥത്തിൽ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ബെഞ്ച് ബന്ധപ്പെട്ടവരോട് വ്യക്തത തേടി.