ടെൽ അവീവ്: 2023 ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു പേരെ തടവിൽ പാർപ്പിച്ച ഹമാസ് പ്രവർത്തകനെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). സെയ്ദ് സാക്കി അബ്ദ് അൽ ഹാദി അഖീൽ ആണ് കൊല്ലപ്പെട്ടത്. അതേസമയം ഇയാൾ തടവിലാക്കിയിരുന്ന ആറ് ബന്ദികളെയും വെടിനിർത്തൽ കരാറിനെ തുടർന്ന് ഹമാസ് മോചിപ്പിച്ചിരുന്നു.
ഒക്ടോബർ 29-നാണ് ഈ ഓപ്പറേഷൻ നടന്നത്. ഹമാസ് വെടിനിർത്തൽ ലംഘിക്കുകയും ഇസ്രയേലി സൈനികർക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത സമയത്താണ് അഖീലിന്റെ താവളം കണ്ടെത്തിയതെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ, ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലത്ത് കൃത്യമായ ആക്രമണങ്ങൾ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം ഹമാസിന്റെ ശേഷിക്കുന്ന തുരങ്ക ശൃംഖല തകർക്കുന്നതിനും ഭൂഗർഭത്തിൽ ഒളിച്ചിരിക്കുന്നവരെ ഇല്ലാതാക്കുന്നതിനുമുള്ള സൈന്യത്തിന്റെ ശ്രമമായിരുന്നു ഈ ദൗത്യമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. തെക്കൻ ഗാസയിലെ റഫയിലും ഖാൻ യൂനിസിലുമുള്ള തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പ്രവർത്തകർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കാറ്റ്‌സ് പറഞ്ഞു.
ഗാസയിലെ ഇസ്രയേലിന്റെ നയം വ്യക്തമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ തുരങ്കങ്ങൾ തകർക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് പ്രവർത്തിക്കുന്നു. എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനൊപ്പം, ഹമാസിനെ നിരായുധരാക്കുകയും ഗാസയെ സൈനിക മുക്തമാക്കുകയുമാണ് ലക്ഷ്യം. ഹമാസിന്റെ ആക്രമണ തുരങ്കങ്ങളിൽ ഏകദേശം 60% ഇപ്പോഴും കേടുകൂടാതെ ഇരിക്കുന്നുണ്ടെന്നും കാറ്റ്‌സ് പറഞ്ഞു.
















































