ബംഗ്ലാദേശ് വിവാദത്തിന്റെ പിന്നാലെ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം നഖ്‌വിയുടെ ഭീഷണി ഐസിസിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ലോകകപ്പ് ബഹിഷ്കരിച്ചാൽ കടുത്ത നടപടികൾ പാക്കിസ്ഥാനെ തേടിയെത്തുമെന്ന് ഐസിസിയുടെ മുന്നറിയിപ്പ് നൽകിയത്. പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ ആഗോള ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന കടുത്ത നടപടിക്ക് ഐസിസി മുതിർന്നേക്കും. കൂടാതെ പാക്കിസ്ഥാന്റെ ഉഭയകക്ഷി പരമ്പരകൾക്ക് വിലക്ക് ഏർപ്പെടുത്തും. അതായത് മറ്റ് രാജ്യങ്ങളുമായി പാക്കിസ്ഥാൻ നടത്തുന്ന എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്യും. ഏഷ്യാ കപ്പിൽ നിന്ന് പുറത്താക്കുകയും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് മറ്റ് ബോർഡുകൾ എൻഒസി നൽകുന്നത് തടയുകയും ചെയ്യുമെന്നാണ് ഐസിസി മുന്നറിയിപ്പ് നൽകിയത്
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ രണ്ട് ടീമും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ നൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. എന്നിട്ടും ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഇപ്പോഴും സജീവമായി ആലോചിക്കുന്നുണ്ടെന്നാണ് നഖ്‌വി പറഞ്ഞത്. പാക് പ്രധാനമന്ത്രി നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് നഖ്‌വി പറഞ്ഞത്.
കൂടാതെ പാക്കിസ്ഥാൻ ലോകകപ്പ് ബഹിഷ്കരിക്കുമോയെന്ന ചോദ്യത്തിന് പാക്കിസ്ഥാൻ പിന്മാറാൻ തീരുമാനിച്ചാൽ മറ്റൊരു ടീമിനെ ഉൾപ്പെടുത്തി ഐസിസിക്ക് ടൂർണമെൻറ് നടത്താമെന്ന് നഖ്‌വി പരിഹസിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.















































