തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കഴിഞ്ഞ വർഷം സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കുടുംബം പോലീസിന് കൈമാറി.
ഐബി ഉദ്യോഗസ്ഥ ഒരു കൂട്ടുകാരിക്കൊപ്പമെത്തിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ പണം നൽകിയതിന്റെ രേഖകൾ ലഭിച്ചതിനെ തുടർന്നാണ് യുവതിയുടെ കുടുംബം വിവരം പോലീസിൽ അറിയിച്ചത്. യുവതി ഗർഭച്ഛിദ്രം നടത്തിയെന്ന വിവരം കുടുംബം അറിയുന്നതും അപ്പോഴാണ്. പിന്നീട് പീലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. യുവതിയുടെ ബാഗിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിന് ലഭിച്ചിരുന്നു.
അതേസമയം സുകാന്തിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് അടുത്ത ദിവസം തന്നെ സുകാന്ത് ഒളിവിൽപ്പോയിരുന്നു. സുകാന്തിനെ കണ്ടെത്തി ചോദ്യം ചെയ്തതിനും രേഖകൾ പരിശോധിച്ചതിനും ശേഷമേ പ്രതി ചേർക്കൂ എന്നാണ് പെലീസ് പറയുന്നത്. ഐബി ഉദ്യോഗസ്ഥയെ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ കുടുംബം പേട്ട പോലീസിൽ ഹാജരാക്കുകയും ചെയ്തു. ഫോൺ രേഖകൾക്ക് പുറമേ മകളുടെ ബാഗിൽ നിന്നു ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
പേട്ട സി.ഐയുടെ നേതൃത്വത്തിൽ ആത്മാർത്ഥമായി കേസ് അന്വേഷിക്കുന്നു. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽ നിന്നു തട്ടിയെടുത്തു. സുകാന്ത് രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. തെളിവുകൾ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കാൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുകാന്തിനെതിരെ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സുകാന്തിനെ പിടികൂടാൻ പോലീസ് കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ യുവതിയുടെയും സുകാന്തിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാർച്ച് 24നാണ് പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിൽ വച്ച് യുവതി ട്രെയിനിനു മുന്നിൽചാടി ജീവനൊടുക്കിയത്. ഫോണിൽ സംസാരിച്ചുകൊണ്ടു വരികയായിരുന്ന യുവതി പെട്ടെന്ന് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നെന്നാണ് ലോക്കോപൈലറ്റ് നൽകിയ വിവരം.