വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മുൻ ബിസിസിഐ പ്രസിഡൻറ് എൻ ശ്രീനിവാസൻറെ വാക്കുകൾ. 2014വരെ ബിസിസിഐ പ്രസിഡൻറായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസൻ ഇന്ത്യയിൽ വനിതകൾ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് 2017ൽ വെളിപ്പെടുത്തിയത്.
അന്നു എൻ ശ്രീനിവാസൻ ബിസിസിഐ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തൻറെ പുച്ഛം ശ്രീനിവാസൻ തുറന്നു പറഞ്ഞതെന്ന് ഡയാന എഡുൽജി വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് എൻറെ വഴി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ലെന്ന്. കാരണം, ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണെന്നും 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റശേഷം എഡുൽജി പറഞ്ഞിരുന്നു.
കൂടാതെ ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവർ ഒരിക്കലും വനിതകൾ ക്രിക്കറ്റിൽ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാൻ കളിക്കുന്ന കാലം മുതൽ തുറന്നടിച്ചിട്ടുണ്ടെന്നും എഡുൽജി അന്നു പറഞ്ഞിരുന്നു.
എന്നാൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ ക്രിക്കറ്റിന് പരിഗണന കിട്ടിത്തുടങ്ങിയത്. വനിതാ ഐപിഎൽ തുടങ്ങിയതും വനിതാ ക്രിക്കറ്റിലും പുരുഷൻമാരുടേതിന് തുല്യമായ മാച്ച് ഫീ അടക്കമുള്ള പരിഷ്കാരങ്ങൾ വന്നതും ജയ് ഷാ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു.
			



































                                





							






