ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. എന്റെ വസ്ത്രം മാറ്റി നഗ്നയാക്കി വീഡിയോയെടുത്തു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു.
സൈനികർ എന്നെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി, എന്റെ നെഞ്ചും തലയും അതിൽ അമർത്തിവച്ചു. കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകൾ ബലമായി വേർപെടുത്തി. ഒരു മനുഷ്യൻ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ നിലവിളിക്കാൻ തുടങ്ങി. അവർ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകൾ മൂടിക്കെട്ടി.
അപ്പോൾ ആ അവസ്ഥ എങ്ങനെ തരണംചെയ്തെന്നു എനിക്ക് വിവരിക്കാൻ കഴിയില്ല. ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു. അവർ എന്നെ ബലാത്സംഗം ചെയ്തതിനുശേഷം, ഞാൻ ഒരു മുറിയിൽ ഒറ്റയ്ക്കായിരുന്നു. കൈകൾ കിടക്കയിൽ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയിൽ ഞാൻ നഗ്നയായിരുന്നു. മൂന്നാം ദിവസം, അവർ വാതിൽ തുറന്ന് എന്നെ നോക്കുകയും എന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരു സൈനികൻ എന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആർത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാൻ പറഞ്ഞു. മറ്റൊരു മുറിയിലേക്ക് മാറ്റി’’ – യുവതി പറയുന്നു.
അതേസമയം പുരുഷ തടവുകാരെ ലക്ഷ്യം വച്ചും ലൈംഗികാതിക്രമം നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഗാസ മുനമ്പിലെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത 18 വയസുള്ള മറ്റൊരു തടവുകാരൻ ഇക്കാര്യം വെളിപ്പെടുത്തി. ‘‘സൈനികർ എന്നോടും ആറു തടവുകാരോടും മുട്ടു കുത്തിയിരിക്കാൻ പറഞ്ഞു. മലദ്വാരത്തിൽ ഒരു കുപ്പി തിരുകി ഞങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ഞാൻ ലൈംഗികമായി ആക്രമിക്കപ്പെട്ടു’’ – യുവാവ് പറഞ്ഞു.















































