മുംബൈ: 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കളി മാറിയത് സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തിയശേഷമെന്ന് തുറന്നുസമ്മതിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായകമായതെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
ഈ ലോകകപ്പിൽ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂര്യയുടെ മറുപടി. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനമാണ് ഏറ്റവും തന്ത്രപരം. ടോപ് ഓർഡറിൽ മൂന്ന് ഇടം കൈയൻമാർ വരുന്നതുകൊണ്ട് എതിരാളികൾ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ചും പാർട്ട് ടൈം സ്പിന്നർമാരെ ഉപയോഗിച്ചും ഇന്ത്യയെ കുടുക്കാൻ തുടങ്ങി. ഇതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാൻ തീരുമാനിച്ചത്. അത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായകമായെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
സഞ്ജു മികച്ച കളിക്കാരനാണല്ലെ എന്ന അവതാരകന്റെ ചോദ്യത്തിന് മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു നല്ല മനുഷ്യനാണെന്നായിരുന്നു സൂര്യയുടെ മറുപടി. ഞാനെപ്പോഴും പറയാറുള്ളത് നല്ല മനുഷ്യർക്ക് എല്ലായ്പ്പോഴു നല്ല കാര്യങ്ങൾ സംഭവിക്കും. സഞ്ജുവിൻറെ കാര്യത്തിലും അത് സത്യമാണ്. മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അവനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും അവൻ അതിന് പിന്നിൽ ചെയ്ത കഠിനാധ്വാനം അധികമാരും കണ്ടിട്ടില്ല.
2025ൽ അവൻറെ കരിയറിൽ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. അവനെ ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റി, അവന് ഇഷ്ടമില്ലാത്ത പല പൊസിഷനുകളിലും കളിക്കേണ്ടിവന്നു. പിന്നീട് പല മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്നു. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന കളിക്കാരൻറെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു. പക്ഷെ എടുത്ത തീരുമാനങ്ങളെല്ലാം ടീമിൻറെ നൻമയെയും വിജയത്തെയും മുന്നിൽ നിർത്തി മാത്രമായിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.















































