കൊച്ചി: ‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍’ ഞാനാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നു ഈ ആരോപണങ്ങളെന്നും ആ നടൻ താനാണോ എന്നു ചോദിച്ച് പലരും വിളിച്ചിരുന്നുവെന്നും ധ്യാൻ വെളിപ്പെടുത്തി. പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു താരം. ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരുത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണം.
‘‘മലയാള സിനിമയിൽ അളിയാ എന്നു വിളിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ലിസ്റ്റിൻ. ലിസ്റ്റിനെന്ന ബുദ്ധിരാക്ഷസനെ നിങ്ങൾ തിരിച്ചറിയണം. അദ്ദേഹം തന്റെ സിനിമയെ നന്നായി മാർക്കറ്റ് ചെയ്തു. ഈ സിനിമയ്ക്ക് വലിയ പ്രമോഷന്റെ ആവശ്യമില്ലെന്നായിരുന്നു ദിലീപേട്ടൻ അടക്കമുള്ളവരുടെ തീരുമാനം. ദിലീപേട്ടൻ സിനിമകൾക്ക് അത് ആവശ്യമില്ലെങ്കില്‍പോലും ലിസ്റ്റിൻ ഒരുകാര്യം തീരുമാനിച്ചിരുന്നു. ഇന്ന് വലിയ സിനിമകൾക്കുപോലും പ്രമോഷൻ ആവശ്യമാണ്. പ്രഭാസും നാനിയും പോലും ഇവിടെ വന്ന് സിനിമ പ്രമോട്ട് ചെയ്യുന്നു. എങ്ങനെ ഇതിനെ മാർക്കറ്റ് ചെയ്യണം എന്നായിരുന്നു ലിസ്റ്റിന്റെ ചിന്ത. മാർക്കറ്റിങ് സിംഹം, അതിനുവേണ്ടി നല്ലൊരു കള്ളക്കഥ മെനഞ്ഞു.
ഈ സിനിമയുടെ ടീസർ ലോഞ്ചിൽ അദ്ദേഹം ഒരു കമന്റ് പറഞ്ഞു, ‘മാലപ്പടക്കത്തിന് ഒരാൾ തിരികൊളുത്തിയിട്ടുണ്ട്’. മാലാപ്പടക്കത്തിനു തിരികൊളുത്തി, സ്വാഭാവികമായും മാല, പടക്കം…എടാ ഇത് നിന്നെ ഉദ്ദേശിച്ചല്ലേ എന്ന് ആളുകൾ എന്നെ വിളിച്ചു ചോദിച്ചു. ഞാൻ ഭയന്നു, പേടിച്ചു. എന്റെ ഫോണിലേക്ക് പിന്നെ തുരുതുരാ വിളി. പിറ്റേദിവസം രാവിലെ തന്നെ അളിയനെ വിളിച്ച്, ഈ സംഭവത്തെക്കുറിച്ച് ചോദിച്ചു.
അപ്പോൾ എനിക്കു പറയാനുള്ളത്, ആ പ്രമുഖ നടൻ വേറാരുമല്ല, ഞാൻ തന്നെയാണ്. ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ തന്നെ സംസാരിച്ചു തീർത്തിട്ടുണ്ട്. വേറൊന്നുമല്ല, ഇത് അദ്ദേഹത്തിന്റെ മാർക്കറ്റിങ് സ്ട്രാറ്റെജിയാണ്. ഈ പടം എങ്ങനെയും ആളുകളിലേക്കെത്തിക്കുക എന്നത് നിർമാതാവിന്റെ വലിയ കടമ്പയാണ്. അദ്ദേഹം അത് കൃത്യമായി നിർവഹിച്ചു. ബിബിസിയിൽ നിന്നടക്കം ലിസ്റ്റിനു വിളി വന്നു. നിങ്ങൾ ഒരുപാട് ഉയരത്തിലാണ്.
ഈ സിനിമ ഉണ്ടാകാൻ പ്രധാന കാരണം ലിസ്റ്റിൻ തന്നെയാണ്. ലിസ്റ്റിൻ ഇല്ലെങ്കിൽ ഈ സിനിമയില്ല. പന്ത്രണ്ട് വർഷത്തെ പരിചയമുണ്ട് ഇദ്ദേഹവുമായി. അച്ഛനാണ് ലിസ്റ്റിനെക്കുറിച്ച് ആദ്യം പറയുന്നത്. ഈ പേര് ആദ്യം കേൾക്കുന്നതും അച്ഛനിൽ നിന്നാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ കൂടെ നിന്ന് സിനിമ ചെയ്യുന്ന നിര്‍മാതാവ് ലിസ്റ്റിൻ.’’–ധ്യാന്റെ വാക്കുകൾ.
മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘‘‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും’’ എന്നാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ടീസർ ലോഞ്ചിൽ ലിസ്റ്റിന്‍ പറഞ്ഞത്.