ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബെൽ കൊണ്ട് തലക്കടിച്ചു കൊന്നു. ഡൽഹി പൊലീസിലെ സ്വാറ്റ് കമാൻഡോയായ കാജൽ ചൗധരിയാണ് (27) കൊല്ലപ്പെട്ടത്. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയാണ് ഭർത്താവ് അങ്കുർ കാജൽ ചൗധരിയെ ക്രൂരമായി ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കാജൽ ചൗധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ജനുവരി 22 നാണ് കൊലപാതകം നടക്കുന്നത്. കാജല്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് അങ്കുർ. ആക്രമിക്കപ്പെട്ട ദിവസം സഹോദരി തന്നെ വിളിച്ചിരുന്നുവെന്നും ഇതിനിടയിലാണ് അങ്കുര്‍ ഡംബല്‍ കൊണ്ട് തലക്കടിച്ചതെന്നും കാജലിന്‍റെ സഹോദരന്‍ പറഞ്ഞു.
കാജലിന്‍റെ ഭര്‍തൃമാതാവും സഹോദരിമാരും സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അങ്കുര്‍ മാതാപിതാക്കളില്‍ നിന്നും പണം വാങ്ങിയിരുന്നതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കുറിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 2022ലാണ് കാജൽ ഡൽഹി പൊലീസിൽ നിയമിതയാകുന്നത്. സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (സ്വാറ്റ്) വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. 2023ലാണ് കാജലും അങ്കുറും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ഒന്നര വയസുള്ള മകനുണ്ട്.
















































