ഗാന്ധിനഗർ: ഭാര്യയുടെ അവസാന ആഗ്രഹം സാധിച്ചുള്ള മടക്കയാത്രയായിരുന്നു അർജുൻ മനുഭായി പടോലിയയുടേത്. ഏതാനും ദിവസം മുൻപു മരണപ്പെട്ട ഭാര്യയുടെ മരണാനന്തരകർമങ്ങൾക്കായി ഇന്ത്യയിലെത്തി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അർജുൻ മനുഭായി പടോലിയ അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. അമ്മയുടെ ആഗ്രഹവും സാധിച്ചു വീട്ടിൽ മടങ്ങിയെത്തുന്ന അച്ഛനേയും കാത്തിരിക്കുന്ന രണ്ട് ചെറിയ പെൺമക്കളുണ്ട് അർജുൻ പടോലിയയ്ക്ക്.
അർജുന്റെ ഭാര്യ ഭാരതിബെന്നിന്റെ അവസാന ആഗ്രഹം സഫലമാക്കുന്നതിനായി ഗുജറാത്തിലെ അമ്രേലിയിലെത്തിയതായിരുന്നു അർജുൻ. ഒരാഴ്ച മുൻപാണ് ആരതി ബെന്നിന്റെ മരണം. തന്റെ സ്വന്തം ദേശത്ത് തന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചിതാഭസ്മം ഒഴുക്കണമെന്നുള്ള ഭാരതിയുടെ ആഗ്രഹം സഫലമാക്കുന്നതിനാണ് അർജുൻ ഗുജറാത്തിലെത്തിയതെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.
അവരുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അർജുൻ. മക്കൾക്ക് നാലും എട്ടും വയസ്സാണ് പ്രായം. എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചെങ്കിലും അദ്ദേഹം അപകടത്തിൽ പെട്ടതായി അർജുനിന്റെ അനന്തരവൻ ക്രിഷ് ജഗദീഷ് പടോലിയ പ്രതികരിച്ചു.