ചെന്നൈ: തമിഴ്‌നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി അംഗമായ വനിതാ കൗൺസിലറെ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മറ്റൊരാളുമായി ഗോമതി സംസാരിക്കുന്നത് കണ്ട ഭർത്താവ് സ്റ്റീഫൻ രാജ് സ്ഥലത്തെത്തുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. സ്റ്റീഫൻ രാജ് കത്തിയെടുത്ത് ഗോമതിയെ ആക്രമിച്ചു. ഗോമതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന് സ്റ്റീഫൻ രാജ് തിരുനിന്റവൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം 27 വയസ്സുള്ള ക്ഷേത്ര കാവൽക്കാരനായ അജിത് കുമാറിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തെ പിടിച്ചുകുലുക്കുകയും ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തു. ജൂൺ 30 ന്, ചെന്നൈയിലെ പൊന്നേരിയിൽ 22 വയസ്സുള്ള നവവധു സ്ത്രീധന പീഡനം മൂലം വിവാഹിതയായി മൂന്ന് ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. ലോകേശ്വരിയാണ് മരിച്ചത്. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് അവർ ആത്മഹത്യ ചെയ്തത്.