ഉത്തർ പ്രദേശ്: ഭർത്താവ് താടിവടിക്കുന്നില്ലെന്ന് ആരോപിച്ച് ക്ലീൻ ഷേവ് ചെയ്ത ഭർതൃ സഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഭർത്താവിന് താടിവടിക്കുന്നില്ലെന്നും ലൈംഗീക കാര്യങ്ങളിലും താൽപര്യം ഇല്ലെന്നും അതിനാലാണ് താൻ ഈ ബന്ധത്തിൽ നിന്ന് പിൻമാറിയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.ഏഴുമാസങ്ങൾക്ക് മുൻപാണ് മീററ്റ് സ്വദേശികളായ മുഹമ്മദ് സഹീറും അർഷി എന്ന യുവതിയും വിവാഹിതരായത്.
കല്യാണത്തിന്റെ അന്ന് പോലും ഭർത്താവ് താടി വടിച്ചിരുന്നില്ല എന്ന് യുവതി ആരോപിച്ചു. ഇതേ തുടർന്ന് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ താടിയുടെ പേര് പറഞ്ഞ് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സഹീറിനോട് താടി കളയാൻ പലതവണ അർഷി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹീർ അതിന് തയ്യാറായില്ല. ഇത് ദമ്പതികൾക്കിടയിൽ വഴക്കിന് കാരണമായി തീർന്നു. അതിനിടെ സഹീറിന്‍റെ സഹോദരനായ സാബിറുമായി അര്‍ഷി അടുത്തു. തുടർന്ന് ഇരുവരും കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതോടെ സഹീർ പൊലീസില്‍ പരാതി നൽകി. ഭാര്യയ്ക്ക് തന്റെ താടിയെ കുറിച്ച് പരാതി ഉണ്ടായിരുന്നുവെന്നും അർഷി വീട്ടുകാരുടെ നിർബന്ധ പ്രകാരമാണ് തന്നെ വിവാഹം കഴിച്ചത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തന്റെ സഹോദരനുമായി അർഷി നടത്തിയ ഫോൺകോൾ റെക്കോഡിങ്ങുകൾ പക്കലുണ്ടെന്നും അതിൽ തന്നെ കൊല്ലണം എന്നുള്‍പ്പടെ ഇരുവരും പദ്ധതിയിടുന്നതായി വ്യക്തമാണെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.