തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കായിക്കര സ്വദേശി അനുവിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിയുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു ഇയാളുടെ ഭാര്യ.
വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ വലത് കൈപ്പത്തി അറ്റുപോയി, ഇടതു കൈവിരലുകളും മുറിഞ്ഞു ,ഇരു കാലുകളിലും ആഴത്തിൽ മുറിവുമുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. പ്രതിയുടെ രണ്ടാം ഭാര്യയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഇയാളുടെ ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ എട്ടു വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.