ഗാസ: ഇസ്രായേൽ– ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിനു പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം.
‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഗാസയുടെ കൂടുതൽ ഭാഗങ്ങളിൽനിന്ന് ഒഴിയാൻ പലസ്തീനികളോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ൽ അധികം പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.