കൊച്ചി: പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങൾ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടി ക്രമങ്ങൾ എന്നിവ വേർതിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പ്രധാന സൗകര്യങ്ങൾ, ബെഡ് വിഭാഗങ്ങൾ, ഐസിയു/ഒടി എന്നിവയുടെ ലഭ്യത, ലാബോറട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകൽ ഉൾപ്പെടെയുള്ള രോഗിയുടെ അവകാശങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയും ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകണം.
















































