സന: യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെ തകർക്കാൻ യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹൂതികളും രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ തെക്കൻ ഇസ്രയേലിന് നേർക്ക് ഹൂതികൾ മിസൈൽ തൊടുത്തു. മിസൈലിനെ പ്രതിരോധിച്ചതായും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.
അതേസമയം ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തിൽ പങ്കാളികളാകുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം.
ഫെബ്രുവരി28-നാണ് യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിന്റെ ആദ്യദിവസംതന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇറാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും തലപ്പത്തുള്ള നിരവധി പ്രമുഖർ യുഎസ്- ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളും ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളും തുടരുകയാണ്.
അതേസമയം യുദ്ധം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ, ഇറാനിൽ 217 കുട്ടികൾ ഉൾപ്പെടെ 1464 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ പറയുന്നു. ഇറാനിൽ ആകെമാനം 12,000-ലേറെ ബോംബുകൾ വർഷിച്ചെന്നും ഇതിൽ 3,600 എണ്ണം ടെഹ്‌റാനെ മാത്രം ലക്ഷ്യമിട്ടായിരുന്നെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ വിവിധ ഭാഗങ്ങളിലായി 9,000 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് യുഎസ് പറയുന്നു.














































