ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ദുരഭിമാനക്കൊല. സ്വന്തം സഹോദരിയെയും അവരുടെ കാമുകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഒന്നര ഒന്നരമാസം മുമ്പ് തന്നെ ആസൂത്രണം നടത്തിയെന്ന് പൊലീസ്. പ്രതിയായ അരവിന്ദ് അഹിർവാറിനെയും കൊലപാതകത്തിൽ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഝാൻസിയിലെ ഗരോത്ത മേഖലയിലെ ചന്ദാപൂർ ഗ്രാമത്തിലാണ് സംഭവം. അരവിന്ദിൻ്റെ സഹോദരി പുച്ചുവും (18) വിശാൽ അഹിർവാറും (19) തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് അരവിന്ദിന് ഇഷ്ടമായിരുന്നില്ല. നാടുവിട്ടുപോയ ഇരുവരെയും ഫെബ്രുവരിയിൽ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ഇവർ വേർപിരിഞ്ഞ് കഴിയാൻ തീരുമാനിച്ചു. എന്നാൽ, ഇരുവരും ഫോൺ വഴി ബന്ധം തുടർന്നു. ഇതിൽ പ്രകോപിതനായ അരവിന്ദ് വിശാലിനെ ഭീഷണിപ്പെടുത്തി. അപ്പോൾ, താൻ പുച്ചുവിനെ വിവാഹം ചെയ്യുമെന്ന് വിശാൽ അരവിന്ദിനെ വെല്ലുവിളിക്കുകയും ചെയ്തു.
ഇത് അരവിന്ദിന് വലിയ നാണക്കേടുണ്ടാക്കി. തുടർന്ന് ജൂണിൽ വിശാലിനെ കൊല്ലാൻ അരവിന്ദ് തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്ത് പ്രകാശ് പ്രജാപതിയെ കൂടെ കൂട്ടി. പൂനെയിൽ ജോലി ചെയ്യുകയായിരുന്ന അരവിന്ദ് വിശാൽ ഝാൻസിയിൽ എത്തിയ ഉടൻ തന്നെ പ്രകാശ് വഴി വിവരം അറിഞ്ഞ് നാട്ടിലെത്തി. ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഓഗസ്റ്റ് 8-ന് വിശാലിനെ വിളിച്ചുവരുത്തി അരവിന്ദും പ്രകാശും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ധസാൻ നദിയുടെ സമീപം ഉപേക്ഷിക്കുകയും ചെയ്തു.
വിശാലിന്റെ കൊലപാതകത്തിന് ശേഷം രക്ഷാബന്ധൻ ദിനത്തിൽ പുച്ചുവിനെ കറങ്ങാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് അരവിന്ദ് കൂട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് സുഹൃത്ത് പ്രകാശുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതദേഹം ഒരു ക്വാറിയിലും ഉപേക്ഷിച്ചു. സംഭവം നടന്ന ഉടൻ തന്നെ അരവിന്ദ് ഫോണിൽ വിളിച്ച് പിതാവിനോട് കാര്യങ്ങൾ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു.
എന്നാൽ വീട്ടുകാർ ഈ വിവരം പുറത്തുപറഞ്ഞില്ല. ഞായറാഴ്ച രാവിലെ പുച്ചുവിൻ്റെ മൃതദേഹം കണ്ടപ്പോൾ മാത്രമാണ് സംഭവം പുറത്തറിയുന്നത്. അരവിന്ദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.