ബാഗ്പത് (യുപി): 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബാംഗങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ രഹസ്യമായി സംസ്‌കരിച്ചതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ ബാഗ്പതിൽ ആണ് സംഭവം.
17 വയസ്സുള്ള ദളിത് ആൺകുട്ടിയും മുസ്‍ലിം സമുദായത്തിൽ നിന്നുള്ള അതേ പ്രായത്തിലുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ജൂലൈ 12ന് ഹിമാചൽ പ്രദേശിലേക്ക് ഒളിച്ചോടിയെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.
തുടർന്ന് ജൂലൈ 22ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷയരോഗം ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നുമാണ് എസ്പി സൂരജ് റായ് പറഞ്ഞത്. പരാതിയെത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെ മൃതദേഹം പുറത്തെടുത്തു രണ്ട് ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ അമ്മാവൻ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയതോടെ അന്വേഷണത്തിൽ വഴിത്തിരിവായി. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.