ബംഗളൂരു: വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ശ്രീദേവി റുഡഗി, ഗണേഷ് കലേ, സാഗർ എന്നിവരെ കഴിഞ്ഞ ദിവസമാണ് വ്യാപാരിയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ശ്രീദേവി പരാതിക്കാരന്റെ മകൻ പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപികയാണ്.
ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ പിതാവിൽ നിന്നാണ് ശ്രീദേവിയും സഹായികളും പണം തട്ടിയത്. പ്രതികൾ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടാതെ ലക്ഷങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
ബംഗളൂരുവിൽ ഭാര്യയ്ക്കും മൂന്ന് പെൺമക്കളുമൊപ്പമായിരുന്നു പരാതിക്കാരന്റെ താമസം. 2023 ൽ ഇയാളുടെ തന്റെ ഇളയ കുട്ടിയെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ ചേർത്തു. അഡ്മിഷൻ സമയത്താണ് ഇരുപത്തിയഞ്ചുകാരിയായ ശ്രീദേവിയെ പരാതിക്കാരൻ കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി.
പതിവായി മെസേജും വീഡിയോ കോളുമൊക്കെ ചെയ്യുമായിരുന്നു. ഇതിനിടെ പല ആവശ്യങ്ങൾ പറഞ്ഞ് യുവതി നാല് ലക്ഷം രൂപ കടം വാങ്ങി. പിന്നീട് യുവതി പരാതിക്കാരനെ ട്രാപ്പിലാക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം അദ്ദേഹം കടം നൽകിയ പണം തിരികെ ചോദിച്ചു. ഇതിനു മറുപടിയെന്നോണം ചുംബനമായിരുന്നു യുവതി മറുപടിയായി നൽകിയത്. കൂടാതെ അമ്പതിനായിരം രൂപ കടമായി വാങ്ങുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ യുവതി 15 ലക്ഷം കൂടി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം വ്യാപാരത്തിൽ തിരിച്ചടി നേരിട്ടപ്പോൾ, പരാതിക്കാരൻ കുടുംബത്തിനൊപ്പം ഗുജറാത്തിലേക്ക് മാറാൻ ഇയാൾ തീരുമാനിച്ചു. ഇതിനായി കുട്ടിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്‌കൂളിലെത്തി. ഈ സമയം ശ്രീദേവിക്കൊപ്പം മറ്റ് രണ്ട് പ്രതികളുമുണ്ടായിരുന്നു. സംഘം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. തുടർന്ന് 15 ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.