ബീജിങ്: അമേരിക്ക- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ സെപ്റ്റംബർ മാസം യുഎസിൽനിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് പൂജ്യത്തിൽ എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് കുതിച്ചുയർന്നതായും റിപ്പോർട്ട്.
ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ കഴിഞ്ഞ വർഷം ഇതേസമയം 17 ലക്ഷം മെട്രിക് ടൺ ഇറക്കുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ ഇറക്കുമതി ഒട്ടുമുണ്ടായിട്ടില്ലെന്ന് ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിൻ്റെ കണക്കുകൾ തിങ്കളാഴ്ച പുറത്തുവിട്ടു. അമേരിക്കൻ ഇറക്കുമതിക്ക് ചൈന ഏർപ്പെടുത്തിയ ഉയർന്ന തീരുവകളും പഴയ വിളവെടുപ്പിൽ നിന്നുള്ള അമേരിക്കൻ സോയാബീൻ ശേഖരം ഇതിനകം വിറ്റഴിഞ്ഞതുമാണ് ഇറക്കുമതി കുറയാൻ കാരണം. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരാണ് ചൈന.
“ഇത്തരമൊരു നടപടിക്കു പ്രധാന കാരണം തീരുവകളാണ്. സാധാരണഗതിയിൽ, പഴയ വിളവിലെ സോയാബീനുകൾ കുറച്ചെങ്കിലും വിപണിയിലെത്താറുണ്ട്,” ക്യാപിറ്റൽ ജിങ്‌ഡു ഫ്യൂച്ചേഴ്‌സിലെ അനലിസ്റ്റായ വാൻ ചെങ്‌ഷി പറഞ്ഞു. കഴിഞ്ഞ മാസം ബ്രസീലിൽ നിന്നുള്ള ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 29.9% വർധിച്ച് 1.096 കോടി ടണ്ണായി ഉയർന്നു. ഇത് ചൈനയുടെ എണ്ണക്കുരുവിൻ്റെ മൊത്തം ഇറക്കുമതിയുടെ 85.2% വരും. അർജൻ്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5% വർധിച്ച് 11.7 ലക്ഷം ടണ്ണായി. ഇത് മൊത്തം ഇറക്കുമതിയുടെ 9% ആണ്. സെപ്റ്റംബറിൽ ചൈനയുടെ സോയാബീൻ ഇറക്കുമതി 1.287 കോടി മെട്രിക് ടണ്ണിലെത്തി.
ഇതിനിടെ നവംബർ വരെയുള്ള ചരക്കുകൾ ബ്രസീലിൽ നിന്നും അർജൻ്റീനയിൽ നിന്നും ചൈന ഉറപ്പിച്ചിട്ടുള്ളതിനാൽ യുഎസിന്റെ പക്കൽനിന്ന് സോയാബീൻ വാങ്ങാനുള്ള സാധ്യത തീരെയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ തെക്കേ അമേരിക്കയിൽനിന്ന് സോയാബീൻ വാങ്ങുന്നത് ചൈനീസ് മില്ലുകൾ തുടരും. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ കർഷകർക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടം നേരിടേണ്ടിവരും. ചൈനീസ് വ്യാപാരികൾ ഈ വർഷത്തെ അമേരിക്കൻ വിളവെടുപ്പ് ഒഴിവാക്കുന്നുണ്ടെങ്കിലും ഈ വർഷം ആദ്യം യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയുടെ കണക്കുകൾ പ്രകാരം കൊണ്ട് അമേരിക്കൻ സോയാബീനിൻ്റെ ഇതുവരെയുള്ള ഇറക്കുമതി 1.68 കോടി ടണ്ണായി ഉയർന്നിട്ടുണെന്നാണ് കണക്കുകൾ. ഇത് 15.5 ശതമാനം ഇറക്കുമതി വർധനവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.