കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി ഹൈക്കോടതി. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശവും ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
അതേസമയം വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴൽനാടൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടല്ലേ, അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമ യുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. പച്ചയായ അഴിമതി നടന്നുവെന്നതിൽ തനിക്ക് സംശയമില്ല. തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നുമായിരുന്നു മാത്യൂ കുഴൽനാടന്റെ പ്രതികരണം.
ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യൂ കുഴൽനാടൻ പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷൻ ഹർജി നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനുള്ള പ്രാഥമിക തെളിവുകൾ ഹർജിയിൽ ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടി.
ഇതേ ആവശ്യം ഉന്നയിച്ച് മാത്യൂ കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും റിവിഷൻ ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാനില്ലെന്നായിരുന്നു കുടുംബം ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ പരാതിക്കാരൻ മരിച്ചാലും ഹർജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. തുടർന്ന് അമികസ് ക്യൂറിയെ നിയോഗിച്ചാണ് ഹൈക്കോടതി കേസിൽ വാദം പൂർത്തിയാക്കിയത്. എക്സാലോജിക് കമ്പനിയുടമ വീണ ടി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ എംഎൽഎമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷൻ ഹർജിയിലെ എതിർകക്ഷികൾ. സിഎംആർഎലുമായുള്ള സാമ്പത്തിക ഇടപാട് അഴിമതിയുടെ പരിധിയിൽ വരും. ഇതിന്മേൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു റിവിഷൻ ഹർജികളിലെ ആവശ്യം.