മുംബൈ: മഹാരാഷ്ട്രയിൽ മുംബൈയടക്കം വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ തീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി. ഇതുവരെ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതം താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും 14 വിമാനങ്ങൾ ലാൻഡ് ചെയ്യാനാകാതെ വഴി തിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
വാണിജ്യനഗരമായ മുംബൈയിൽ ജനജീവിതം താറുമാറായി. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ദാദർ, മാട്ടുംഗ, സയൺ, അന്ധേരി, പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായ മഴ സാധാരണ ജീവിതം ദുഷ്‌കരമാക്കി. റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി. ബൈക്കുല്ല, കലചൗക്കി, താനെ, ഘട്‌കോപ്പർ, വിദ്യാവിഹാർ, വിക്രോളി, ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിലും പൂണെ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. റോഡുകൾ, സബ്‌വേകൾ, റെയിൽ ട്രാക്കുകൾ എന്നിവ വെള്ളത്തിനടിയിലായി.
മരങ്ങൾ കടപുഴകി വീണതിനാൽ നിരവധി പാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മിഥി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് മുംബൈയിലെ കുർള പ്രദേശത്തെ 300-ലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുംബൈയിൽ മഴ ശമനമില്ലാതെ തുടരുന്നു, ഇന്ന് പുലർച്ചെ 4 മുതൽ 11 വരെ ശരാശരി 150 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി. പ്രാന്തപ്രദേശങ്ങളിൽ ഇതിലും ഉയർന്ന അളവിൽ മഴ ലഭിച്ചു. മിഥി നദിയിലെ ജലനിരപ്പ് 3.9 മീറ്ററായി ഉയർന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.