തിരുവനന്തപുരം∙ മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജി. സ്വകാര്യത കണക്കിലെടുത്ത് ഹർജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഒളിവിലുള്ള രാഹുലിനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തീയതി അടക്കമുള്ള വിശദാംശങ്ങൾ യുവതിയുടെ മൊഴിയിലുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും ഗർഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്. താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ, യുവതിയും ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എന്നിവയാണു രാഹുലിന്റെ അഭിഭാഷകൻ കോടതിക്കു കൈമാറിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗികപീഡന കേസിൽ, എംഎൽഎ താമസിച്ചിരുന്ന കുന്നത്തൂർമേട് ഫ്ലാറ്റിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു. കഴിഞ്ഞദിവസം ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തുന്നുണ്ട്.



















































