കണ്ണൂർ: കെപിസിസിയുടെ പുതിയ അധ്യക്ഷനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുൻ അധ്യക്ഷൻ കെ സുധാകരൻ. പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് ഇത് പുതിയ അറിവല്ലെന്നും കെ സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
കണ്ണൂർ ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി ജോസഫിന്റെ നിയമനമെന്നും അമൂല്യമായ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം സ്ഥാനത്ത് നിന്നും തന്നെ മാറ്റാനാവില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നു. തനിക്ക് ഇത് പുതിയ അറിവല്ല. ആര് എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ട്. . നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു. മടുപ്പ് വരില്ലേ. അതുകൊണ്ടാണ് പുതിയ പ്രസിഡന്റിനെ കൊണ്ടു വരേണ്ട സാഹചര്യം എന്നും കെ സുധാകരൻ വ്യക്തമാക്കി.