ഗാസാസിറ്റി: ഗാസയിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിച്ചാല്‍ പലസ്തീൻ അതോറിട്ടിക്കുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുമെന്ന് ഹമാസ്. അധിനിവേശം എത്രകാലം നിലനിൽക്കും എന്നതുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ആയുധോപയോഗം ഇരിക്കുന്നതെന്നും അത് അവസാനിപ്പിച്ചാൽ ആയുധം താഴെവെക്കുമെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. അതിർത്തിസംരക്ഷിക്കുന്നതിനും വെടിനിർത്തൽ നിരീക്ഷിക്കുന്നതിനുമായി യുഎന്നിന്റെ നേതൃത്വത്തിൽ സേനയെ വിന്യസിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും അറിയിച്ചു.
അതിനിടെ, ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിച്ച് സമാധാനക്കരാറിന്റെ രണ്ടാംഘട്ടം എത്രയുംവേഗം നടപ്പാക്കണമെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിൽ സുസ്ഥിരസമാധാനം സ്ഥാപിക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാനപദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10-ന് ആദ്യഘട്ടവെടിനിർത്തൽ നിലവിൽവന്നിരുന്നു.
ജീവനോടെയുള്ള ബന്ദികളെയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുക, ഗാസയ്ക്കുള്ളിലെ മഞ്ഞരേഖയിലേക്ക് ഇസ്രയേൽ സൈന്യം പിൻവാങ്ങുക എന്നിവയൊക്കെയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കേണ്ടിയിരുന്നത്. ഇത് ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. ഇസ്രയേൽസേനയുടെ സമ്പൂർണ പിന്മാറ്റവും ഹമാസിന്റെ നിരായുധീകരണവുമാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കേണ്ടത്.


















































